വെള്ളപ്പൊക്ക മേഖലകളിലെ കിണറുകളില്‍ സൂപ്പര്‍ക്ലോറിനേഷനും വീടു പരിസരത്ത് ശുചീകരണവും മികച്ചരീതിയില്‍ നടത്തിവരുകയാണ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ആശാ പ്രവര്‍ത്തകരും ചേര്‍ന്നാണ് കിണറുകള്‍ ക്ലോറിനേറ്റു ചെയ്യുന്നത്. വീടുകളുടെ പരിസരങ്ങളിലും വഴികളിലും വെള്ളം കെട്ടികിടക്കുന്നിടങ്ങളില്‍ കുമ്മായവും ബ്ലിച്ചിംഗ് പൗഡര്‍ വിതറിയിരിക്കുകയാണ്. അണു നശീകരണ ലായനികളും തളിക്കുന്നുണ്ട്. വീട്ടിനകം വൃത്തിയാക്കുന്നതിനുളള പ്രത്യേക ലോഷനുകളും ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കും. വീട് വൃത്തിയാക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള എലിപ്പനി പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രതിരോധ ഗുളികകളും ലഭ്യമാക്കുന്നുണ്ട്. വൃത്തിയാക്കലിനിടയില്‍ മുറിവുണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ടെറ്റനസ് പ്രതിരോധ കുത്തിവെയ്പ്പും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍ വീടുകളിലെത്തി നല്‍കുന്നുണ്ട്. കോളനികള്‍ കേന്ദ്രീകരിച്ച് തീവ്ര ശുചീകരണമാണ് നടന്നു വരുന്നത് കൊതുകു നശീകരണം, ചത്തു കിടക്കുന്ന ജീവികളുടെ അവശിഷ്ടങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യല്‍, ശുദ്ധജലം കൈകാര്യം ചെയ്യല്‍ എന്നിവ സംബന്ധിച്ച ബോധവത്ക്കരണവും നല്‍കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് യുദ്ധകാലാടി സ്ഥാനത്തില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്.
