മഴക്കെടുതിയില്‍ സംഭവിച്ചിട്ടുള്ള നഷ്ടത്തിന്റെ കണക്കുകള്‍ ഓഫീസ് മേധാവി മുഖാന്തരം ആഗസ്ത് 29ന് രാത്രി എട്ടിനകം റിപ്പോര്‍ട്ട് ജില്ലാ പ്ലാനിംഗ് ഓഫീസിലെത്തിക്കേണ്ടതും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അത് ക്രോഡീകരിച്ച് കണക്കുകള്‍ ഇനം തിരിച്ച് 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. പ്രളയംമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കി എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഗുരുതരമായ വെള്ളപ്പൊക്കത്തിലും പൂര്‍ണ്ണമായി തകര്‍ന്ന വീടുകളുടെ നാശനഷ്ടം തഹസില്‍ദാര്‍മാരും ഭാഗികമായി തകര്‍ന്ന വീടുകളുടെ നാശനഷ്ടം ലൈഫ് മിഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച എഞ്ചിനീയറിംഗ് വിഭാഗവും പരിശോധിച്ച് കണക്കെടുക്കും. ഭൂമി നഷ്ടപ്പെട്ടവരുടെ പട്ടിക ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരുടെ സഹായത്തോടെ തഹസില്‍ദാര്‍മാര്‍ തയ്യാറാക്കും. വിളകളുടെ നഷ്ടം കണക്കാക്കി നാല് പ്രത്യേക ശീര്‍ഷകങ്ങളിലായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. പൂര്‍ണമായ നഷ്ടം, ഭാഗിക നഷ്ടം, വിളനാശം, നിലം ഒരുക്കല്‍ ചെലവ് എന്നിവ പ്രത്യേകം കണക്കാക്കും. ആര്‍.എ.ആര്‍.എസ്, എം.എസ്.എസ്.ആര്‍.എഫ്. എന്നിവയുടെ സഹായത്തോടെ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കും. കന്നുകാലി, ആട്, കോഴി, പന്നി, മത്സ്യം മുതലായവയുടെ നാശനഷ്ടം കണക്കാക്കുവാന്‍ ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടറെയും മൃഗസംരക്ഷണ വകുപ്പിനെയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. കാര്‍ഷിക വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിലെ പലിശ ഒഴിവാക്കുവാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുവാനുള്ള ചുമതല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കാണ്. റോഡുകള്‍, പാലങ്ങള്‍ കള്‍വര്‍ട്ട്, ഡ്രെയിനേജ് റിട്ടേയിനിംഗ് വാള്‍ എന്നിവയുടെ നാശനഷ്ടം കണക്കാക്കുവാന്‍ പൊതുമരാമത്ത് വകുപ്പിനെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡ്, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ മുന്‍സിപ്പല്‍ സെക്രട്ടറി, ഡി.ഡി.പി. എന്നിവരും നല്‍കണമെന്ന് തീരുമാനിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗവും ജലസേചന വകുപ്പിന്റെ കീഴിലുണ്ടായ നാശനഷ്ടങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാക്കും. ടെലി കമ്മ്യൂണിക്കേഷന്‍ ശൃംഖലയിലുാണ്ടായ നാശനഷ്ടങ്ങള്‍ ബി.എസ്.എന്‍.എല്‍. നല്‍കണം. വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ നഷ്ടങ്ങള്‍ കെ.എസ്.ഇ.ബിയും, ആരോഗ്യ വകുപ്പിനു നാശനഷ്ടങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും, വിദ്യാഭ്യാസ വകുപ്പിന്റെ നാശഷ്ടവും വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ പഠന സാമഗ്രികളുടെ നഷ്ടവും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കും. പട്ടിക വര്‍ഗ്ഗ മേഖലയിലുണ്ടായ പൊതുവായ നാശനഷ്ടം, വരുമാന നഷ്ടം, വിദ്യാഭ്യാസ സ്ഥാനപനങ്ങളിലെ നഷ്ടം എന്നിവ വകുപ്പ് തയ്യാറാക്കും. ടൂറിസം മേഖലയിലെ നാശനഷ്ട, വരുമാന നഷ്ടം എന്നിവ ഡി.ടി.പി.സി.യും വാഹനങ്ങള്‍ക്കുണ്ടായ നാശനഷ്ടം ആര്‍.ടി.ഒ.യും ജില്ലയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്ടം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും വനം വകുപ്പിന്റെ നാശനഷ്ടം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഡി.എഫ.ഒ. എന്നിവരും കുടുംബശ്രീയുടെത് കുടുംബശ്രീ കോര്‍ഡിനേറ്ററും തയ്യാറാക്കും. പഞ്ചായത്തുകളുടെ നഷ്ടം കണക്കാക്കും.
യോഗത്തില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എ.ഡി.എം. കെ.അജീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം.സുരേഷ്, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗീസ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
