അടിമാലിയിലെ വിവിധ ആദിവാസി കുടികളില്‍  ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്ത് ബാംഗ്ലൂരിലെ മലയാളി കൂട്ടായ്മ. ബാഗ്ലൂരിലെ രാജരാജേശ്വരി നഗര്‍ മലയാളി സംഗമത്തിന്റെ നേതൃത്വത്തിലാണ് അടിമാലി മേഖലയില്‍ കിറ്റുകള്‍ വിതരണം ചെയ്തത്. തിരഞ്ഞെടുത്ത 350 കുടംബങ്ങളില്‍ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും അരിയും അടങ്ങിയ കിറ്റുകള്‍ സംഘം വിതരണം ചെയ്തു. മന്നക്കാല,മുക്കാല്‍ഏക്കര്‍, വില്ലുംപടി മേഖലകളില്‍ മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങ്, ജെ സി ഐ എന്നീ സംഘടങ്ങളുടെയും സഹകരണത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പ്രളയകെടുതിയില്‍ നിന്ന് ജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള സഹായസഹകരണങ്ങള്‍ വിവിധ ഇടങ്ങളില്‍ നടത്തിവരുന്നതിന്റെഭാഗമായാണ് അടിമാലിയില്‍ എത്തിയതെന്ന് മലയാളി സംഗമത്തിന്റെ ഭാരവാഹി ജിജോ പറഞ്ഞു. ദുരിതബാധിത മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപരകരണങ്ങള്‍ വിതരണം ചെയ്യുക,ചികിത്സധനസഹായം നല്‍കുക തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനങ്ങളും ഈ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.300 പേരുള്ള സംഘടനയുടെ പ്രതിനിധികളായി ജിജോ, രാകേഷ്,രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അടിമാലിയില്‍ എത്തിയത്.