ഇടുക്കി ജില്ലയില്‍ മഴക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും  നേരിട്ട നാശനഷ്ടങ്ങള്‍ വിലിരുത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും എത്തിയ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ജനപ്രതിനിധികളും ഇടുക്കി വെള്ളപ്പാറ ഫോറസ്റ്റ് ഡോര്‍മെറ്ററിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ചെറുതോണി ഗാന്ധിനഗര്‍ കോളനി നിവാസികളെ സന്ദര്‍ശിച്ചു. ജനങ്ങളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള സര്‍്ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നടപടികള്‍ വിശദീകരിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും സുരക്ഷയുടെ ഭാഗമായി മാറിത്താമസിക്കേണ്ടിവന്നിട്ടുള്ളവര്‍ക്കും സുരക്ഷിതമായ പുനരധിവാസ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. മണിയാറന്‍കുടി സെലിന ചാള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ക്യാമ്പും തുടര്‍ന്ന് മന്ത്രി സന്ദര്‍ശിച്ചു. തകര്‍ന്ന ചെറുതോണി ബസ്റ്റാന്റും പരിസരവും മന്ത്രി പരിശോധിച്ചു. എം.പിമാരായ അഡ്വ.ജോയ്‌സ് ജോര്‍ജ്, ബിനോയ് വിശ്വം, റോഷി അഗസ്റ്റിന്‍ എം.എല്‍.എ,  ആര്‍.ഡി.ഒ എം.പി വിനോദ്, കെ.കെ.ശിവരാമന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.