കോട്ടയം: താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നാഷണൽ ലീഗൽ എയ്ഡ് ക്ലിനിക്കും മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടും സംയുക്തമായി പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചു. കോട്ടയം അഡീഷണൽ മുൻസിഫ് ദീപ മോഹനൻ ഉദ്ഘാടനം ചെയ്തു. വൈകി കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്നും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സമൂഹത്തിന് നീതി ലഭ്യമാക്കുക നീതി നിർവഹണത്തിന്റെ മൗലിക കർത്തവ്യമാണെന്നും അവർ പറഞ്ഞു. അസോസിയേറ്റ് പ്രൊഫസർ ഡോ. പി.ബി. ആര്യ അധ്യക്ഷത വഹിച്ചു. വകുപ്പു മേധാവി ഡോ. പി.വി. ജിജി, യൂണിയൻ ചെയർപേഴ്സൺ ഫർഹാന ലത്തീഫ്, ജനറൽ സെക്രട്ടറി കെ.കെ. രാഹുൽ എന്നിവർ പ്രസംഗിച്ചു. മുൻ ജുഡീഷ്യൽ ഓഫീസർ പി. ജി. ജേക്കബ്, അഡ്വ. ജയശങ്കർ, ലീഗൽ എയ്ഡ് ക്ലിനിക് വിദ്യാർഥികൾ എന്നിവർ അദാലത്തിനു നേതൃത്വം നൽകി. അദാലത്തിൽ ലഭിച്ച ആറു പരാതി തീർപ്പാക്കി. കൊശമാറ്റം കോളനി, മോസ്‌കോ, വിജയപുരം തുടങ്ങിയ കേന്ദ്രങ്ങളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ സൗജന്യ നിയമസഹായ-ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.