ഫുട്ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘വണ്‍ മില്യണ്‍ ഗോള്‍’ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ എം.എം.മണി എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ യൂത്ത്കോര്‍ഡിനേറ്റര്‍ രമേഷ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.എം.ജോണ്‍ സ്വാഗതമാശംസിച്ചു.

2022 ഫുട്ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ 10 നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ലിംഗഭേദമന്യേ അടിസ്ഥാന ഫുട്ബോള്‍ പരിജ്ഞാനം നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കായിക യുവജന കാര്യാലയം, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘വണ്‍ മില്യണ്‍ ഗോള്‍’ക്യാമ്പയിന്‍.

ഓരോ സെന്ററുകളിലും തദ്ദേശീയമായി പരിശീലകരെ കണ്ടെത്തി കൊണ്ട് 100 കുട്ടികള്‍ക്കാണ് ദിവസവും ഒരു മണിക്കൂര്‍ വീതം 10 ദിവസത്തേയ്ക്ക് പരിശീലനം നല്‍കേണ്ടത്. ഓരോ സെന്ററിലും ഒരു ട്രെയിനറും, ഫുട്ബോള്‍ ഗ്രൗണ്ടും (താല്‍ക്കാലികമായി ക്രമീകരിച്ചതുമാകാം) ഉണ്ടായിരിക്കണം. ഓരോ സെന്ററുകള്‍ക്കും 2 ഫുട്ബോളും നടത്തിപ്പിനായി 3,000/രൂപയും ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ മുഖേന നല്‍കും.

പരിശീലനത്തിന്റെ അവസാന ദിനങ്ങളായ നവംബര്‍ 20 (ഉച്ചയ്ക്ക് 2 മണിമുതല്‍ 6 മണിവരെ) നവംബര്‍ 21 (രാവിലെ 10 മുതല്‍ 12 വരെയും) തീയതികളിലായി പരിശീലന ഗ്രൗണ്ടില്‍ പങ്കെടുക്കുന്ന കുട്ടികളും, മറ്റ് കായികപ്രേമികളും പൊതുസമൂഹവും ചേര്‍ന്നുകൊണ്ട് ഓരോ സെന്ററിലും കുറഞ്ഞത് ആയിരം ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്തുകൊണ്ട് സംസ്ഥാനത്താകെ കുറഞ്ഞത് പത്ത് ലക്ഷം ഗോളുകള്‍ നേടുന്ന ഒരു വന്‍ പ്രചാരണ പരിപാടിയാണ് ലോകകപ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.