ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വാഴൂര്‍ സോമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പീരുമേട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും വിപുലമായ യോഗം വിളിച്ചുചേര്‍ത്തു. ശബരിമല തീര്‍ത്ഥാടനത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും, ഏജന്‍സികളും, തദേശ സ്ഥാപനങ്ങളും സജീവമാകണമെന്നും തീര്‍ത്ഥാടനം ഇക്കുറിയും സുഗമമാക്കണമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ശബരിമല തീര്‍ത്ഥാടനം ഏറ്റവും മികച്ച രീതിയില്‍ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലാണ്. രണ്ട് വര്‍ഷമായി തുറക്കാത്ത സത്രം കാനന പാത ഇത്തവണ തുറക്കും. 90 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും മറ്റു പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ആവശ്യപ്പെട്ടു.

അയ്യപ്പ ഭക്തര്‍ എത്തുന്ന എല്ലാ മേഖലകളിലും പോലീസിനെ വിന്യസിപ്പിക്കും. 24 മണിക്കൂറും സേവനം ലഭ്യമാക്കും. പ്രധാന പ്രവേശന കവാടങ്ങളില്‍ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും പോലീസ് സുസജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും അടിയന്തിര ഘട്ടങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയാറാണെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

സത്രം കാനന പാതയിലെ കാട് വെട്ടിതെളിച്ചതായും കുടിവെള്ളം കൊടുക്കാനുള്ള പോയിന്റുകള്‍ സജ്ജീകരിച്ചതായും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്തരുടെ സുരക്ഷയ്ക്കായി സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ച് തത്കാലിക ഷെഡ് സൗകര്യങ്ങളും ജീവനക്കാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. റൂട്ട് മാപ്പ്, ഓരോ പാതയിലും ഏതൊക്കെ പോയിന്റില്‍ ജലം ലഭിക്കും തുടങ്ങിയ വിവരങ്ങള്‍ ഭക്തര്‍ക്ക് മൊബൈല്‍ ആപ്പ് വഴി ലഭിക്കും. അടിയന്തിര വൈദ്യ സഹായത്തിനു ആപ്പ് വഴി സഹായം തേടാന്‍ കഴിയും. ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാം പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു. തോട്ടപുര മേഖലയില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചു.

സത്രം മേഖലയില്‍ വാട്ടര്‍ അതോറിട്ടിയുടെ ശുദ്ധജലം വിതരണം ഒരുക്കാന്‍ നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. വഴിയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍ എടുത്തുമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടകരമായി നില്‍ക്കുന്ന കാടുകള്‍ വെട്ടിതെളിക്കാന്‍ ദേശിയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ് സൂചന ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കാനും എം എല്‍ എ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപരികള്‍ക്ക് ക്ലാസ് നടത്തിയിരുന്നു. പരിശോധനകള്‍ നടത്തി വരുന്നുണ്ടെന്നും കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏകോപ്പിച്ച വില വിവരം ഉടന്‍ ലഭ്യമാക്കുമെന്നും വിലനിലവാരം പ്രദര്‍ശിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ആരോഗ്യവിഭാഗം എല്ലാ മരുന്നുകളും ഉറപ്പാക്കിയിട്ടുണ്ട്. കുമളി, വണ്ടിപെരിയാര്‍, പീരുമേട്, ആശുപത്രികളില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ആംബുലന്‍സ് സേവനം ഉറപ്പുവരുത്തും.

ഓരോ പഞ്ചായത്തിലും ഭക്തര്‍ക്ക് വിരി വിരിക്കാനുള്ള സൗകര്യം, കുടിവെള്ള സൗകര്യം, ശുചിമുറി സൗകര്യം, അയ്യപ്പഭക്തര്‍ക്ക് കടന്നുപോവുന്നതിനുള്ള സുരക്ഷയും ദേശീയപാതയിലെ ട്രാഫിക് സംവിധാനങ്ങളും അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിത്യ എസ്, എ ഡി എം ഷൈജു പി ജേക്കബ്, തഹസില്‍ദാര്‍ അജിത് ജോയി, ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, ദേശിയ പാത, വനംവകുപ്പ്, തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.