അഞ്ഞൂറ് ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ഭൂമി വ്യവസായ- താമസാവശ്യങ്ങള്‍ക്കായി പ്ലോട്ടുകളാക്കി വികസിപ്പിച്ച് വിപണനം നടത്തുന്നതിന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് കെ-റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍. പ്ലോട്ടുകളുടെ എണ്ണം എത്രയായാലും പൊതുവഴി ഉള്‍പ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി തദ്ദേശസ്ഥാപനത്തില്‍ നിന്ന് ഡെവലപ്മെന്റ് പെര്‍മിറ്റ് വാങ്ങിവേണം റെറയില്‍ രജിസ്റ്റര്‍ ചെയ്യാന്‍. പ്ലോട്ടുകളും ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നവര്‍ അവയ്ക്ക് റെറയില്‍ രജിസ്ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ തുടര്‍ന്ന് എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ നിയമപരിരക്ഷ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് യൂണിറ്റിനു മുകളില്‍ വില്ലകള്‍, ഫ്ലാറ്റുകള്‍, വാണിജ്യ യൂണിറ്റുകള്‍, ഓഫീസുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഗോഡൗണുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന പ്രൊജക്ടുകളും ഇത്തരം പ്രൊജക്ടുകളിലെ ഇടപാടുകളില്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നവരും റെറയില്‍ രജിസ്റ്റര്‍ ചെയ്യണം. 859 പദ്ധതികളും 345 ഏജന്റുമാരുമാണ് ഇതുവരെ കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ 3 വില്ലാ പ്രൊജക്ടുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏജന്റുമാരോ പ്ലോട്ട് ഡവലപ്മെന്റ് പ്രൊജക്ടുകളോ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതികളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആകെ 1367 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 892 എണ്ണം അതോറിറ്റി തീര്‍പ്പാക്കി.

രജിസ്ട്രേഷന് അപേക്ഷിക്കുന്ന പ്രൊജക്ടുകള്‍ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും അനുമതികളെല്ലാം ലഭ്യമാക്കിയിട്ടുണ്ടോ എന്നും പരിശോധിച്ചാണ് രജിസ്ട്രേഷന്‍ നല്കുന്നത്. അതുകൊണ്ടുതന്നെ വാങ്ങുന്നവര്‍ക്ക് തട്ടിപ്പില്‍ പെടാതെ ശ്രദ്ധിക്കാനാകും. രജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടേയും ഭൂമിയുടെ രേഖകളും നിയമപ്രകാരമുള്ള അനുമതികളും ഉള്‍പ്പെടെയുള്ള വിവരങ്ങളും ഫ്ലാറ്റുകളുടേയും വില്ലകളുടേയും മറ്റും നിര്‍മാണ
പുരോഗതിയും rera.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ ലഭിക്കും.

കമ്പനിയുടെ മുന്‍കാല പ്രവര്‍ത്തനവും യൂണിറ്റിന്റെ വിലയും നിര്‍മാണ നിലവാരവും ലഭിച്ചിട്ടുള്ള അനുമതികളുമെല്ലാം പോര്‍ട്ടലില്‍ ലഭ്യമായതിനാല്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനും ചതിക്കുഴിയില്‍ വീഴാതിരിക്കാനും കഴിയും. ഓരോ മൂന്നുമാസം കൂടുമ്പോഴും നിര്‍മാണ പുരോഗതി ഡെവലപ്പര്‍മാര്‍ ഈ പോര്‍ട്ടല്‍ വഴി ലഭ്യമാക്കും. ആരെങ്കിലും വീഴ്ച വരുത്തിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ അവരുടെ പേരുവിവരങ്ങളും മറ്റും പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും.

ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനും റെറ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. പദ്ധതിയുടെ പുരോഗതി നിശ്ചിത സമയത്ത് ലഭ്യമാക്കുന്നതിനാല്‍ വായ്പ അനുവദിക്കുന്ന ബാങ്കുകള്‍ക്ക് പദ്ധതി സന്ദര്‍ശിക്കാതെ തന്നെ തുക നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകും. പ്രൊജക്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പറയുന്ന വസ്തുതകള്‍ മാത്രമേ പരസ്യങ്ങളില്‍ കൊടുക്കാന്‍ പാടുള്ളു. എല്ലാവിധ പരസ്യങ്ങളിലും റെറയിലെ രജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടായിരിക്കണം. പദ്ധതികളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും ചതിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ക്കും സാധിക്കും. ഏതെങ്കിലും ഡെവലപ്പര്‍ തെറ്റായ വിവരം നല്കിയതായി ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ക്കെതിരെയും നിയമനടപടിയുണ്ടാകും. പരാതിയുള്ളവര്‍ക്ക് നിര്‍ദ്ദിഷ്ടരീതിയില്‍ അതോറിറ്റിയില്‍ കേസ് ഫയല്‍ ചെയ്യാം.

അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകള്‍ വിപണനം ചെയ്യുന്നതും ദീര്‍ഘ കാല പാട്ടത്തിന് നല്കുന്നതും പിഴയീടാക്കാവുന്ന കുറ്റമാണ്. ഫ്ലാറ്റുകള്‍ വില്ക്കുന്നതിന് നിയമാനുസൃതമായ ഫോമില്‍ വില്പന കരാര്‍ എഴുതി രജിസ്റ്റര്‍ ചെയ്യാതെ ഉപഭോക്താവില്‍ നിന്ന് പത്തു ശതമാനത്തില്‍ കൂടുതല്‍ തുക മുന്‍കൂറായോ ആപ്ലിക്കേഷന്‍ ഫീസായോ വാങ്ങാന്‍ പാടില്ല. ഷെഡ്യൂള്ഡ് ബാങ്കില്‍ ഓരോ പദ്ധതികള്‍ക്കും പ്രത്യേകം അക്കൗണ്ട് തുടങ്ങുകയും മുന്‍കൂറായി വാങ്ങുന്ന തുകയുടെ 70 ശതമാനം അതത് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും വേണം. എന്‍ജിനീയര്‍, ആര്‍ക്കിടെക്ട്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ നിയമാനുസൃത സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയതിനുശേഷം മാത്രമേ ഓരോ ഘട്ടത്തിലും ബാങ്കില്‍ നിന്ന് തുക പിന്‍വലിക്കാവൂ.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ചെറുതോണിയില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ-റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍, അംഗങ്ങളായ അഡ്വ. പ്രീത മേനോന്‍, എം.പി. മാത്യൂസ്, സെക്രട്ടറി വൈ. ഷീബാ റാണി എന്നിവര്‍ പങ്കെടുത്തു.