‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി പീരുമേട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ ശില്‍പശാല സംഘടിപ്പിച്ചു. വാഴൂര്‍ സോമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു.

സംരംഭകത്വ വര്‍ഷത്തില്‍ എംപ്ലോയ്മെന്റ് വകുപ്പു മുഖേന നടപ്പിലാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളില്‍ കൂടുതല്‍ പേരെ ഗുണഭോക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ പ്രാഥമിക ഘട്ടമായാണ് പീരുമേട് സിവില്‍ സ്റ്റേഷനിലെ താലുക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല സംഘടിപ്പിച്ചത്. വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ തൊഴില്‍ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കുന്നതിന് ശില്‍പശാലയില്‍ അവസരമൊരുക്കി. കെസ്റു, ശരണ്യ, കൈവല്യ, നവജീവന്‍, ജോബ് ക്ലബുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍, സബ്സിഡി, ബാങ്ക് വായ്പ നടപടി ക്രമങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകള്‍ സംഘടിപ്പിച്ചു.

തഹസില്‍ദാര്‍ അജിത് ജോയി, എംപ്ലോയ്മെന്റ് ഓഫിസര്‍ റെജി ടി. എസ്., അഴുത ബ്ലോക്ക് മുന്‍ ഫിനാഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ജോസഫ് ടി. ഡി. തുടങ്ങിയവര്‍ പങ്കെടുത്തു.