പന്തീരാങ്കാവ് അങ്ങാടിയിലുള്ള ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍ തയ്യാറായി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നു നില കെട്ടിടത്തിലെ കച്ചവടക്കാരുടെ വളരെക്കാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുക.

വര്‍ഷങ്ങളുടെ പഴക്കമുള്ള ശുചിമുറി മാത്രമായിരുന്നു ഇവിടെ മുന്‍പുണ്ടായിരുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള സ്ത്രീകളടക്കമുള്ള ജീവനക്കാരുടെ ഏക ആശ്രയമായിരുന്ന ശുചിമുറിയാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലീകരിച്ച് കംഫര്‍ട്ട് സ്റ്റേഷന്‍ ആക്കി മാറ്റിയത്.

ശുചിമുറി, ഫീഡിങ് റൂം, കഫെ തുടങ്ങിയ സജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് . ഷോപ്പിംഗ് കോംപ്ലക്‌സിലെ ജീവനക്കാര്‍ക്ക് ആവശ്യമായ ചായയും പലഹാരങ്ങളും ഇവിടെയൊരുങ്ങും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായിരിക്കും കഫ്റ്റീരിയ നടത്തിപ്പും പരിപാലന ചുമതലയും. പഞ്ചായത്തിന്റെ സ്വയം തൊഴില്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് രണ്ടു കുടുംബശ്രീ അംഗങ്ങള്‍ക്ക് കഫ്റ്റീരിയയില്‍ തൊഴില്‍ നല്‍കിയത്.