സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വ്യവസ്ഥകളെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസ്സിലാക്കി വികാരവായ്പോടെ പകർന്നുകൊടുക്കേണ്ട ഉത്തരവാദിത്തം സാഹിത്യകാരന്മാർക്കുണ്ടെന്ന് സാംസ്കാരിക – സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേരള സാഹിത്യ അക്കാദമി വാർഷികാഘോഷം തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നരബലിയും വിശ്വാസത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും നടക്കുമ്പോൾ അതിനെതിരെ പൊതുബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിനായി സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും സാഹിത്യകാരന്മാരും ഒറ്റക്കെട്ടായി പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. വൈകാരികമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കലയും സാഹിത്യവും മാത്രമേ നിലനിൽക്കൂ എന്നും എഴുത്തും കലയും സാമൂഹ്യ പുരോഗതിക്കാവണമെന്നും മന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്കെതിരായും മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായും ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടി സാംസ്കാരിക വകുപ്പ് ഏറ്റെടുക്കും. ഇതിനായി പ്രൊജക്റ്റ് തയ്യാറായിക്കഴിഞ്ഞു. സാംസകാരിക വകുപ്പിനുകീഴിലെ വിവിധ സ്ഥാപനങ്ങളും അക്കാദമികളും ചേർന്നാകും പദ്ധതി ഏറ്റെടുക്കുക. കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ മീറ്റിംഗ് ഉടൻ ചേർന്ന് കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്യും. നാടകം, തുള്ളൽ, സംഗീതം, കൂത്ത് തുടങ്ങി വിവിധ കലാരൂപങ്ങൾ ഇതിനായി ഉപയോഗിക്കും. നരബലി പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാകുകയും സാംസ്കാരിക പ്രവർത്തനങ്ങൾ ജനകീയമാവുകയും വേണമെന്നും മന്ത്രി പറഞ്ഞു.
എഴുത്തുകാരെ ഭരണകൂടം ഭയപ്പെടുന്നുണ്ടെന്നും അതുകൊണ്ടാണ് കലാസാഹിത്യ പ്രവർത്തകർ അക്രമിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
വൈശാഖൻ, കെ പി ശങ്കരൻ എന്നിവർക്ക് അക്കാദമി വിശിഷ്ടാംഗത്വവും കെ ജയകുമാർ, കെ എ ജയശീലൻ, ജാനമ്മ കുഞ്ഞുണ്ണി, ഗീത കൃഷ്ണൻകുട്ടി, കവിയൂർ രാജഗോപാലൻ, കടത്തനാട്ട് നാരായണൻ എന്നിവർക്ക് സമഗ്രസംഭാവനാ പുരസ്കാരവും മന്ത്രി സമ്മാനിച്ചു.
അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ അധ്യക്ഷനായി. അക്കാദമി നിർവ്വാഹകസമിതിയംഗം സുനിൽ പി ഇളയിടം വിശിഷ്ടാംഗങ്ങളെയും സമഗ്രസംഭാവനാപുരസ്കാര ജേതാക്കളെയും പരിചയപ്പെടുത്തി. നിർവ്വാഹകസമിതിയംഗം വിജയലക്ഷ്മി പ്രശസ്തിപത്രം വായിച്ചു. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി പി അബൂബക്കർ, വി എസ് ബിന്ദു, സുകുമാരൻ ചാലിഗദ്ദ എന്നിവർ സംസാരിച്ചു.
മലയാളസാഹിത്യത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വൈശാഖൻ, കെ ജയകുമാർ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാൽ, ഗീത കൃഷ്ണൻകുട്ടി, ജി പി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഡോ. കുര്യാസ് കുമ്പളക്കുഴി അദ്ധ്യക്ഷനായി. എൻ രാജൻ, എം എ സിദ്ദീഖ്, മോബിൻ മോഹൻ എന്നിവർ സംസാരിച്ചു.
നവം. 16-ന് ഉച്ചയ്ക്ക് 2.30ന് അക്കാദമി അവാർഡുകൾ, വിലാസിനി പുരസ്കാരം, എൻഡോവ്മെന്റ് അവാർഡുകൾ എന്നിവ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ സമ്മാനിക്കും. രാവിലെ 10ന് എഴുത്തും എഴുത്തുകാരും എന്ന സെമിനാറിൽ അക്കാദമി പുരസ്കാരം നേടിയവർക്കൊപ്പം കെ പി രാമനുണ്ണി, വിജയരാജമല്ലിക, രാവുണ്ണി എന്നിവർ പങ്കെടുക്കും.