ഭരണഘടനയുടെ ആമുഖവും ജനാധിപത്യ സംവിധാനങ്ങളും പലവിധത്തിൽ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ജനാധിപത്യത്തിന്റെ വിശുദ്ധി എന്താണെന്ന് വിശദീകരിക്കുകയാണ് നിയമസഭാ മ്യൂസിയം ഒരുക്കിയിട്ടുള്ള പ്രദർശനമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പ്രദർശനം പുതുതലമുറയ്ക്ക് പാഠപുസ്തകമാണെന്നും മന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭ നടത്തിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി കയ്പമംഗലം മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ള പ്രദർശനമേള സന്ദർശിക്കുകയായിരുന്നു മന്ത്രി.

നിയമസഭ മ്യൂസിയം തയ്യാറാക്കിയ പ്രദർശനം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സമ്പന്നമായ ജനാധിപത്യ ചരിത്രത്തെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കും വിധമാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ ചരിത്രവും നേതാക്കന്മാരും അവരുടെ പ്രസംഗങ്ങളും പുതുതലമുറയ്ക്ക് പകർന്ന് നൽകാൻ പ്രദർശനത്തിനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നിയമസഭാ മ്യൂസിയം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂർവ്വങ്ങളായ ഫോട്ടോകളുടെയും വിഡിയോകളുടെയും പ്രദർശനമാണ് ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിൽ സംഘടിപ്പിക്കുന്നത്.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, എംഇഎസ് അസ്മാബി കോളേജ് പ്രിൻസിപ്പൽ ഡോ.എ ബിജു, എംഇഎസ് അസ്മാബി കോളേജ് സെക്രട്ടറി നവാസ് കാട്ടാക്കത്ത്, പിടിഎ വൈസ് പ്രസിഡന്റ് മുഹമ്മദ് അഷ്റഫ്, നിയമസഭ സെക്രട്ടറിയേറ്റ് അണ്ടർ സെക്രട്ടറി ആർ ബിനു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, എന്നിവരും സന്ദർശനവേളയിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.