ലഹരിമുക്ത കേരളം പടുത്തുയർത്താൻ സമൂഹത്തിലെ മുഴുവൻ ആളുകളുടെയും പിന്തുണ ഉണ്ടാവണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ. മാവൂർ പൊലീസ് സ്റ്റേഷന്റെ ‘ലൂമിനേറ്റർ’ പദ്ധതിയുടെയും ല​ഹരിക്കെതിരെ തയ്യാറാക്കിയ ഷോട്ട്ഫിലിമിന്റെയും ഉദ്ഘാടനം മാവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിർവ്വ​​ഹിക്കുകയായിരുന്നു അദ്ദേഹം. മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള ലഹരി ഉപയോ​ഗത്തിലേക്കാണ് പുതുതലമുറ വഴുതി വീഴുന്നത്. ലഹരിക്കെതിരെ ശക്തമായ പോരാട്ടങ്ങളാണ് സർക്കാർ നടത്തുന്നത്. ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ ജനങ്ങൾ അണി ചേരണമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നുകളുടെ വിതരണവും വ്യാപനവും തടയുന്നതിന് സേവന സന്നദ്ധരായ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന പദ്ധതിയാണ് ‘ലൂമിനേറ്റർ’. പൊതുജനങ്ങളെ കൂടി പങ്കാളികളാക്കി പഞ്ചായത്ത് വാർഡ് തലത്തിൽ ഒരു സമിതി രൂപീകരിച്ച്‌ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുക എന്ന കാഴ്ച്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മയക്കുമരുന്നിനെതിരെ സർക്കാർ സംസ്ഥാന തലത്തിൽ യോദ്ധാവ് എന്ന പരിപാടി ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

മാവൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ലിജുലാലാണ് ‘ലൈഫ് ലൈൻ’ എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തത്. ഷോട്ട്ഫിലിമിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ചടങ്ങിൽ ആ​ദരിച്ചു.

പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ എ.അക്ബർ മുഖ്യപ്രഭാഷണം ന‍ടത്തി. മാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദൻ കെ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡൻുമാരായ രഞ്ജിത്ത്, ഓളിക്കൽ ​ഗഫൂർ, എം.കെ സുഹറാബി,
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. എ. ശ്രീനിവാസ്, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ഉമേഷ്, നർക്കോട്ടിക് സെൽ എ.സി.പി പ്രകാശൻ പടന്നയിൽ, ചലച്ചിത്ര സംവിധായകൻ വി.എം വിനു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ കോളേജ് അസി.കമ്മീഷണർ സുദർശൻ സ്വാഗതവും മാവൂർ പോലീസ് സ്റ്റേഷൻ എസ്.ഐ മഹേഷ് കുമാർ നന്ദിയും പറഞ്ഞു.