പ്രളയത്തിന് ശേഷം ജീവിതത്തിലേക്ക് സധൈര്യം മുന്നേറാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന പ്രത്യേക പരിപാടി ട്രീ ഓഫ് സര്‍വൈവലിന് തുടക്കമായി. ജില്ലയില്‍ മഴക്കെടുതി കൂടുതലായി ബാധിച്ച എട്ട് പഞ്ചായത്തുകളിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കാമ്പയിന്‍ ആരംഭിച്ചത്. ജില്ലാതല ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും അതിജീവനത്തിന്റെ നന്മമരം വിതരണോദ്ഘാടനം സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വ്വഹിച്ചു. പാട്ടും കളികളുമായി പ്രതീക്ഷകള്‍ പങ്കുവച്ച് എഴുന്നൂറോളം കുട്ടികള്‍ ഒത്തുകൂടി. കാമ്പയിന്റെ ഭാഗമായി ഗ്രൂപ്പ് ഗെയിം ചര്‍ച്ചകള്‍, പ്രത്യേക കൗണ്‍സലിംഗ് എന്നിവയും നടത്തി. പ്രളയം, ജില്ലയുടെ കാലാവസ്ഥ എന്നിവ സംബന്ധിച്ച ചര്‍ച്ചകളും ക്ലാസുകളും നടത്തി. പ്രളയത്തെ അതിജീവിച്ചതിന്റെ ഓര്‍മ്മക്കായി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നന്മമരം എന്ന പേരില്‍ അതിജീവനത്തിന്റെ മരം നട്ടു. നവകേരളം രൂപപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു. അടുത്ത ഘട്ടമായി ജില്ലയില്‍ പ്രളയക്കെടുതിയുടെ വിവരങ്ങള്‍ ബാലസഭ കുട്ടികളുടെ നേതൃത്വത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് ചരിതരേഖയായി സൂക്ഷിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി.സാജിത ചടങ്ങില്‍ സംസാരിച്ചു.
