ആലപ്പുഴ: കുട്ടനാടിന്റെ മഹാശുചീകരണത്തിന്റെ രണ്ടാം ദിവസത്തിൽ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമനും കൃഷി മന്ത്രി വി.എസ് സുനിൽകുമാറും പങ്കാളികളായി. തലവടി നീരേറ്റുപുറം ഭാഗങ്ങളിലാണ് മന്ത്രിമാർ ശുചീകരണത്തിനിറങ്ങിയത്. ജനാല വരെ വെള്ളത്തിൽ മുങ്ങിയ നീരേറ്റുപുറം സെന്റ് തോമസ് സ്‌കൂളിലാണ് മന്ത്രി സംഘം ആദ്യം ശുചീകരണത്തിനിറങ്ങിയത്. സ്‌കൂൾ അധികൃതരും സന്നദ്ധ സംഘടനകളുമുൾപ്പെടെ വലിയൊരു സംഘവും മന്ത്രിമാർക്കൊപ്പം ചേർന്നു.
മിക്ക ക്ലാസ് മുറികളിലും ചെളി നിറഞ്ഞിരുന്നു. സ്‌കൂൾ മുറികൾ അണുനാശിനി വരെ ഉപയോഗിച്ച് കഴുകിയതിനുശേഷമാണ് മന്ത്രി സംഘം മടങ്ങിയത്. തുടർന്ന് മന്ത്രി വി.എസ് സുനിൽകുമാർ തലവടി ഗവ.യു.പി സ്‌കൂളിൽ സന്ദർശനം നടത്തി. വെള്ളം കയറി നനഞ്ഞുപോയ പാഠ പുസ്തകങ്ങളും ലൈബ്രറി പുസ്തകങ്ങളും വെയിലത്തുവച്ചുണക്കാനും മന്ത്രി മുൻകൈയ്യെടുത്തു. നശിച്ചുപോയ പുസ്തകങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും പകരം പുതിയത് നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.