** തലസ്ഥാനത്ത് എത്തുന്ന അവശ്യവസ്തുക്കൾ ജില്ലാ ഭരണകൂടം സൂക്ഷിക്കും
** റെയിൽവേ കല്യാണമണ്ഡപത്തിലും വിമൻസ് കോളജിലും ഓൾ സെയ്ന്റ്‌സ് കോളജിലും സംഭരണ കേന്ദ്രങ്ങൾ
** സാധനങ്ങൾ വേർതിരിക്കുന്നതിനു വൊളന്റിയർമാരെ ആവശ്യമുണ്ട്
പ്രളയ ബാധിത മേഖലകളിലുള്ള ജനങ്ങളെ സഹായിക്കുന്നതിനു വിദേശത്തുനിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്നും സഹായ പ്രവാഹം. വ്യോമമാർഗവും റെയിൽവേ വഴിയും ടൺ കണക്കിന് അവശ്യ വസ്തുക്കളാണു തലസ്ഥാനത്തേക്ക് എത്തുന്നത്. ഇവ ശേഖരിക്കുന്നതിനും വേർതിരിച്ച് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും തലസ്ഥാനത്ത് മൂന്നു സംഭരണ കേന്ദ്രങ്ങൾ തുറന്നു.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ദുരിത ബാധിത മേഖലകളിലുള്ളവരെ സഹായിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് അയക്കുന്ന അവശ്യവസ്തുക്കളാണു ജില്ലാ ഭരണകൂടം ഏറ്റെടുത്ത് സൂക്ഷിക്കുകയും ആവശ്യാനുസരണം വിവിധ സ്ഥലങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നത്. തമ്പാന്നൂർ റെയിൽവേ കല്യാണ മണ്ഡപം, വിമൻസ് കോളജ്, ഓൾ സെയ്ന്റ്‌സ് കോളജ് എന്നിവിടങ്ങളിലാണു സംഭരണ കേന്ദ്രങ്ങൾ തുറന്നിട്ടുള്ളത്.
പ്രളയ ബാധിത സ്ഥലങ്ങളിൽ നിലവിൽ ആവശ്യത്തിന് അവശ്യവസ്തുക്കൾ എത്തിയിട്ടുണ്ട്. ഇവയുടെ വിതരണം പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തെ സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ അവിടേയ്ക്ക് അയച്ചുതുടങ്ങും. ഓരോ ജില്ലകളിൽനിന്നും ആവശ്യം അറിയിക്കുന്നതനുസരിച്ച് ലോഡുകൾ പുറപ്പെടുകയും അവ അതതു ജില്ലകളിലെ കളക്ടർമാർക്കു കൈമാറുകയും ചെയ്യും.
സംഭരണ കേന്ദ്രങ്ങളിലെത്തുന്ന അവശ്യവസ്തുക്കൾ വേർതിരിക്കുന്നതിനും സാധനങ്ങളുടെ ഇനവും അളവും സംബന്ധിച്ച പട്ടിക തയാറാക്കുന്നതിനും വൊളന്റിയർമാരെ ആവശ്യമുണ്ടെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ഇന്നും നാളെയും സേവനം ചെയ്യാൻ താത്പര്യമുള്ളവർ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണം. വൊളന്റിയർമാരാകാൻ ആഗ്രഹിക്കുന്നവർക്കു 9633096769 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾക്ക് സേവനം ചെയ്യുന്ന ദിവസങ്ങളിൽ ഹാജർ നൽകും. തിരുവനന്തപുരം ജില്ലയിൽ വൊളന്റിയർമാർ നൽകിയ സേവനം മാതൃകാപരമാണെന്നും നന്ദി അറിയിക്കുന്നതായും കളക്ടർ പറഞ്ഞു.