*മണ്ഡലപൂജ നാളെ (ഡിസംബര്‍ 27)

കലിയുഗവരദന് ചാര്‍ത്താനുള്ള തങ്ക അങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് (ഡിസംബര്‍ 26) വൈകിട്ട് സന്നിധാനത്ത് എത്തും. വൈകിട്ട് 5.30ന് ശരംകുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ ആചാരപൂര്‍വം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് തുടങ്ങിയവര്‍ ചേര്‍ന്ന് പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരത്തിന് മുന്നില്‍ വച്ച് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്ക അങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് തങ്ക അങ്കി സോപാനത്തില്‍ വച്ച് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടു പോകും. ശേഷം 6.35ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും. പിന്നീട് ഭക്തര്‍ക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാം. 26ന് രാത്രി 9.30 ന് അത്താഴപൂജ. രാത്രി 11.20ന് ഹരിവരാസനം പാടി 11.30 ന് ക്ഷേത്ര നട അടയ്ക്കും. ഡിസംബര്‍ 27ന് പുലര്‍ച്ചെ മൂന്നിന് നട തുറക്കും. തുടര്‍ന്ന് അഭിഷേകവും പതിവ് പൂജയും നടക്കും. ഡിസംബര്‍ 27ന് ഉച്ചക്ക് 12.30 നും ഒരു മണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചാല്‍ വൈകുന്നേരം വീണ്ടും നടതുറക്കും. ഡിസംബര്‍ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചിന് തുറക്കും.