ഹജ്ജ് യാത്രയ്ക്കുളള കേന്ദ്രങ്ങളായി കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ അംഗീകരിക്കണമെന്ന് സിവിൽ-വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹജജ് എംബാർക്കേഷൻ കേന്ദ്രം താൽക്കാലികമായി കൊച്ചിയിലേക്ക് മാറ്റിയിരുന്നു. വലിയ വിമാനങ്ങൾക്കിറങ്ങാൻ തടസ്സമുളളതുകൊണ്ടാണ് ഹജ്ജ് കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയത്. എന്നാൽ കോഴിക്കോട്ട് വലിയ വിമാനങ്ങൾ ഇറങ്ങാൻ ഈയിടെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അനുമതി നൽകിയിട്ടുണ്ട്. മലബാറിൽ നിന്നുളള ഹജ്ജ് തീർത്ഥാടകരിൽ അധികവും കോഴിക്കോട് വിമാനത്താവളമാണ് ഉപയോഗിച്ചിരുന്നത്. കണ്ണൂർ വിമാനത്താവളം വാണിജ്യ സർവ്വീസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ കണ്ണൂരിനെ കൂടി എംബാർക്കേഷൻ കേന്ദ്രമായി അംഗീകരിക്കണം. കോഴിക്കോടിന് തെക്കുളള യാത്രക്കാർക്ക് കോഴിക്കോട് വിമാനത്താവളവും വടക്കുളള യാത്രക്കാർക്ക് കണ്ണൂർ വിമാനത്താവളവും സൗകര്യപ്രദമാണ്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലുളളവർക്കും അയൽ സംസ്ഥാനമായ കർണാടകത്തിലെ മംഗലാപുരം, കുടക്, മൈസൂർ എന്നിവിടങ്ങളിലുളളവർക്കും കണ്ണൂർ വിമാനത്താവളമാണ് സൗകര്യം. അതിനാൽ കണ്ണൂർ വിമാനത്താവളം കൂടി ഹജ്ജ് കേന്ദ്രമായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.