സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ആയിരത്തോളം പേർക്ക് താങ്ങായി ആരോഗ്യവകുപ്പ്. അലോപ്പതി വിഭാഗത്തിൽ അഞ്ഞൂറിലധികം പേർക്കും ഹോമിയോ വിഭാഗത്തിൽ നൂറിലധികം പേർക്കും ആയുർവേദ വിഭാഗത്തിൽ നൂറോളം പേർക്കും മെഡിക്കൽ സംഘം ചികിത്സ നൽകി. ആവശ്യമുള്ളവർക്ക് മരുന്നുകൾ സൗജന്യമായി നൽകി.

വ്യത്യസ്തമായ ചികിത്സാ സജ്ജീകരണവുമായി അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ മെഡിക്കൽ സംഘങ്ങളുടെ സേവനം കലോത്സവ നഗരിയിൽ മുഴുവൻ സമയവും ലഭ്യമായിരുന്നു. ഒന്നാം വേദിയായ വിക്രം മൈതാനിയിൽ മെഡിക്കൽ സേവനത്തിനായി വിപുലമായ സംവിധാനമാണ് ഒരുക്കിയത്. അഞ്ച് ഡോക്ടർമാർ, നഴ്സുമാർ, കിടത്തി ചികിത്സിക്കാൻ സാധിക്കുന്ന മൂന്ന് മൊബൈൽ ഐസിയു എന്നിവ ഒന്നാം വേദിയിൽ മുഴുവൻ സമയവും പ്രവർത്തിച്ചിരുന്നു.

കൂടാതെ മത്സരം നടന്ന മുഴുവൻ വേദികളിലും ഡോക്ടർമാർ, നേഴ്സുമാർ, ആംബുലൻസ് സൗകര്യം എന്നിവ സജ്ജമാക്കി. ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ മാനസിക സമ്മർദ്ദം കുറക്കുന്നതിനായി ശിശുക്ഷേമ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന കൗൺസിലർമാരെ ഉപയോഗിപ്പെടുത്തിക്കൊണ്ട് വേദികളിൽ രണ്ട് കൗൺസിലർമാരും പ്രവർത്തിച്ചു. പൊതുജനങ്ങള്‍ക്കായി പ്രമേഹം, രക്തസമ്മർദ്ദം എന്നിവ അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിച്ചത്. സേവനങ്ങൾ പൂർണമായും സൗജന്യമായിരുന്നു.