പൈതൃകമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ കലോത്സവത്തിന്റെ ഭാഗമായി കേരള പോലീസ് പൊതുജനങ്ങൾക്കായി ഒരുക്കിയ സ്റ്റാൾ ശ്രദ്ധേയമായി.
പോലീസ് സേന ഉപയോഗിക്കുന്നതും ഉപയോഗിച്ചിരുന്നതുമായ വിവിധ തോക്കുകള്‍, ബാഡ്ജുകൾ, വിവിധ തരം ഡിറ്റക്റ്ററുകള്‍, ഫോറൻസിക് യൂണിറ്റ്, ഫിങ്കർ പ്രിന്റ് യൂണിറ്റ് തുടങ്ങി പോലീസിന്റെ വിവിധ സേവനങ്ങൾ അറിയാനും കാണാനുമായി വിപുലമായ സ്റ്റാളാണ് കലോത്സവ നഗരിയിൽ ഒരുക്കിയത്.
ഇതിനു പുറമെ പോലീസിന്റെ സ്ത്രീ സുരക്ഷ സ്വയരക്ഷാ പരിശീലന പദ്ധതിയുടെ ഭാഗമായി മറ്റൊരു സ്റ്റാളും പ്രവര്‍ത്തിച്ചിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേരള പോലീസ് ആവിഷ്കരിച്ച സൗജന്യ വനിതാ സ്വയം പരിശീലന പദ്ധതിയുടെ ഭാഗമായി പ്രതിരോധ മുറകളുടെ പ്രകടനവും നടന്നു. സാമൂതിരിയൻസ് സ്കൂളിൽ വേദി രണ്ട് ‘ഭൂമി’ യിലാണ് ഇത്തരം വേറിട്ടൊരു കാഴ്ച ഒരുക്കിയത്. കാക്കിയുടെ കരുത്തറിയിക്കുന്ന പോലീസിന്റെ പ്രദര്‍ശന സ്റ്റാളിന് നഗരിയിലെ കാണികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.