തത്വമസി പൊരുളിന്റെ സത്തതേടി അയ്യനെ ദര്‍ശിക്കാനെത്തിയ അയ്യപ്പസ്വാമിമാരെ ഭക്തിലഹരിയുടെ ആനന്ദത്തിലാറാടിച്ച് ഭജന്‍ ഗായകന്‍ പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി നാമസങ്കീര്‍ത്തന ഭജന. സന്നിധാനം നടപ്പന്തലിലെ മുഖ്യവേദിയിലാണ് ഭക്തിയും സംഗീതവും സമന്യയിച്ച ആലാപന വൈഭവംകൊണ്ട് പ്രശാന്ത് വര്‍മ്മ അയപ്പസ്വാമിമാരെ ആനന്ദലഹരിയുടെ മറുകരയെത്തിച്ചത്. സാമ്പ്രദായിക ഭജനയുടെ വിനിമയ ശേഷി വെളിപ്പെട്ട അനര്‍ഘ നിമിഷങ്ങള്‍!
അയ്യനെ സ്തുതിക്കുന്ന അയ്യപ്പസ്വാമിയെന്ന ഭജനയോടായിരുന്നു ആലാപന തുടക്കം. തുടര്‍ന്ന് പമ്പാഗണപതി, ഗണപതിയേ തുടങ്ങിയ വിഘ്‌നേശ്വര സ്തുതികള്‍ ഭക്തരെ ഇളക്കി മറിച്ചു. മാളികപ്പുറത്തമ്മയെ സ്തുതിച്ചുള്ള മാളികപ്പുറത്തമ്മേ, രഞ്ജിനി മനോരഞ്ജിനി, അമ്മേ നാരായണ എന്നീ ദേവീസ്തുതികള്‍ ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരെപ്പോലും ആനന്ദഭരിതരാക്കി. കാളി ഭദ്രകാളി, തുളസിക്കതിര്‍ നുള്ളിയെടുത്ത്, ഗുരുവായൂര്‍ അമ്പലം ശ്രീവൈകുണ്ഠം, സ്വാമിയല്ലാതൊരു ശരണമില്ല, ഏറ്റുമാനൂരപ്പെനെ, ശങ്കര മഹാദേവ തുടങ്ങിയ ജനപ്രിയ ഭക്തിഗീതങ്ങളും അദ്ദേഹം ആലപിച്ചു. കോഴിക്കോട് സ്വദേശിയായ പ്രശാന്ത് വര്‍മ്മ ഏഴാം വയസ്സിലാണ് സംഗീതപഠനമാരംഭിച്ചത്. ഇന്ന് കേരളത്തിലെ അറിയിപ്പെടുന്ന പതിനേഴിലേറെ ഭജനസംഘങ്ങളിലെ മുഖ്യഗായകനാണ് അദ്ദേഹം. 14 ഭക്തി ആല്‍ബങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
ഹാര്‍മോണിയത്തില്‍ പുരുഷോത്തമന്‍, തബലയില്‍ സുനില്‍, തവിലില്‍ അമിത്, ഡോലക്കില്‍ രതീഷ് എന്നിവര്‍ അകമ്പടിയായി. രാജന്‍, മണികണ്ഠന്‍, അഭിലാഷ്, പ്രവീണ്‍, അനീഷ്, രവികുമാര്‍ എന്നിവര്‍ കോറസ് പാടി.