സ്‌കൂളിന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർഥികൾ മുഖ്യമന്ത്രിക്കെഴുതിയ കത്ത് ഫലം കണ്ടു. 2018ലെ തപാൽ ദിനത്തിൽ തിരുന്നാവായ എടക്കുളം ജി.എം.എൽ.പി സ്‌കൂളിലെ കുട്ടികളാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി പുതിയൊരു കെട്ടിടം വേണമെന്നതായിരുന്നു കുട്ടികളുടെ ആവശ്യം. കത്ത് ലഭിച്ച് 10 ദിവസത്തിനകം മുഖ്യമന്ത്രിയുടെ മറുപടിയും കിട്ടി. മാമാങ്കത്തിന്റെ നാട്ടിൽ ഒരു നൂറ്റാണ്ട് പിന്നിട്ട സ്‌കൂളിന് സ്വന്തമായി കെട്ടിടം വേണമെന്ന കെ.വി ആദിത്യനും മറ്റ് 217 പേരും ഒപ്പിട്ട നിവേദനം കിട്ടിയതായും ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് ലഭിച്ചാലുടൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നുമാണ് മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചത്. കൂടുതൽ പഠിക്കുകയും അറിയുകയും മുന്നേറുകയും ചെയ്യുക എന്നതാണ് കുട്ടികളെന്ന നിലയിലുള്ള കർത്തവ്യമെന്ന് ഓർമപ്പെടുത്തി ഈ കത്ത് സ്‌കൂൾ അസംബ്ലിയിൽ വായിക്കുമല്ലോ എന്നും സൂചിപ്പിച്ചാണ് മുഖ്യമന്ത്രി വിദ്യാർത്ഥികൾക്കുള്ള കത്ത് ഉപസംഹരിക്കുന്നത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും 85 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തു. മൂന്ന് നിലകളിലായി 483.28 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആറ് ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും നാല് ശുചി മുറികളുമാണ് സ്‌കൂളിൽ ഒരുക്കിയിട്ടുള്ളത്. 111 വർഷം പിന്നിടുന്ന സ്‌കൂളിന് പുതുവർഷ സമ്മാനമായി മന്ത്രി വി. അബ്ദുറഹിമാൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.