മലപ്പുറം ജില്ലയിലെ മുഴുവൻ വാർഡുകളുടെയും സമഗ്ര വികസനവും മാലിന്യ സംസ്‌കരണവും ലക്ഷ്യമിട്ട് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കഴിഞ്ഞ ബജറ്റിൽ വിഭാവനം ചെയ്ത ‘നവജ മിഷൻ’ പദ്ധതിയിലാണ് മുഴുവൻ വാർഡുകളും മാലിന്യ മുക്തമാക്കുക. ഓരോ വർഷവും ഓരോ വാർഡുകൾ വീതം ഏറ്റെടുത്ത് പത്ത് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ശുചിമുറിയില്ലാത്ത വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും ശുചിമുറി, മുഴുവൻ പേർക്കും ആധാർ, തൊഴിൽ കാർഡ് തുടങ്ങി 101 ഇനം കാര്യങ്ങളാണ് ഓരോ വാർഡുകളിലും നടപ്പിലാക്കുക. മാലിന്യസംസ്‌കരണമാണ് ഇതിൽ പ്രധാനം. മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും പ്രത്യേക പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.
മുളയോ, ചൂരലോ കൊണ്ട് നിർമ്മിച്ച പ്രത്യേക തരം കുട്ടയിൽ ഓരോ വീടുകളിലേയും മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കും. മാലിന്യ മുക്ത മലപ്പുറം എന്നത് കൂടി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ജില്ലാ പഞ്ചായത്ത് ഫണ്ടിന് പുറമെ സംസ്ഥാന കേന്ദ്ര ഫണ്ടുകളും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്ന മുഴുവൻ വാർഡുകളുടെയും പട്ടിക തയ്യാറായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗങ്ങളാണ് വാർഡുകൾ തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രത്യേക ഗ്രാമസഭ ചേരം. ആദ്യ ഗ്രാമസഭ ജനുവരി 26ന് ആനക്കയത്ത് നടക്കും. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുത്ത വാർഡ് അംഗങ്ങളെ ഉൾപ്പെടുത്തി ശിൽപശാല നടത്തും. ജനുവരി 17നാണ് ശില്പശാല. വാർഡ് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ബ്ലോക്ക് അംഗങ്ങൾ എന്നിവരാണ് ശില്പശാലയിൽ പങ്കെടുക്കുക.