അടിസ്ഥാന രേഖകള്‍ ഇല്ലാത്ത പട്ടികവര്‍ഗക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുന്ന എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്) സ്പെഷ്യല്‍ ക്യാമ്പ് അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്നു. ക്യാമ്പില്‍ ഏഴ് പേര്‍ക്ക് ആധാര്‍ കാര്‍ഡ്, മൂന്ന് പേര്‍ക്ക് ബാങ്ക് അക്കൗണ്ട്, 21 പേര്‍ക്ക് വോട്ടര്‍ ഐ.ഡി, ഒന്‍പത് പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്, 10 പേര്‍ക്ക് റേഷന്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കി.
എസ്.ടി പ്രമോട്ടര്‍മാര്‍, ഫെസിലിറ്റേറ്റര്‍മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തി ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര്‍ ഐ.ഡി, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഇതിന് മുന്‍പ് നടന്ന ക്യാമ്പില്‍ 88 പേര്‍ക്ക് ആധാര്‍, 78 പേര്‍ക്ക് റേഷന്‍ കാര്‍ഡ്, 44 പേര്‍ക്ക് ബാങ്ക് അക്കൗണ്ട്, 329 പേര്‍ക്ക് വോട്ടര്‍ ഐ.ഡി കാര്‍ഡ്, 81 പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്. ഇതില്‍ രേഖകള്‍ നല്‍കിയതിന് പുറമെയുള്ളവയുടെ നടപടികള്‍ നടന്ന് വരികയാണ്. ശേഷിക്കുന്ന 50 ഓളം പേര്‍ക്ക് കൂടി രേഖകള്‍ ലഭ്യമാക്കാനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെയും സാക്ഷ്യപത്രത്തില്‍ ആധാര്‍ കാര്‍ഡ് ഉറപ്പുവരുത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇത് ഉപയോഗിച്ചാണ് മറ്റ് രേഖകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്.