ആലപ്പുഴ: പ്രളയബാധിത മേഖലയിൽ മൃഗസംരക്ഷണ-ക്ഷീരവികസന ഉദ്യോഗസ്ഥരെത്തി മൂന്നു ദിവസത്തിനകം വസ്തുനിഷ്ഠമായ കണക്കെടുപ്പ് നടത്തണമെന്ന് മൃഗസംരക്ഷണ മന്ത്രി കെ.രാജു. ആലപ്പുഴയിൽ മൃഗസംരക്ഷണ-ക്ഷീരവികസന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചത്തേക്കു കൂടി കാലിത്തീറ്റ സൗജന്യമായി നൽകുന്നതിന് ജില്ലയിൽ നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രളയാനന്തര സാഹചര്യം പരിഗണിച്ച് ക്ഷീരമേഖലയിൽ ഈ വർഷം നടപ്പാക്കുന്ന പദ്ധതികളിൽ അനിവാര്യമല്ലാത്തവ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളിലേക്കു വഴി തിരിച്ചു വിടും. ഈമേഖലയിൽ നഷ്ടം വന്നവരെ കൈപിടിച്ചുയർത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയബാധിതരായ ക്ഷീരകർഷകരെ സഹായിക്കുന്നതിന് വിവിധ പരിപാടികളാണ് വകുപ്പ് ആലോചിക്കുന്നത്. പശുക്കൾ നഷ്ടമായവർക്ക് പകരം പശുവല്ലെങ്കിൽ പണമെന്നത് ആലോചനയിലുണ്ട്. നിലവിലെ കേന്ദ്രസഹായവും സി.എം.ഡി.ആർ.എഫും ചേർത്താണ് പശു നഷ്ടമായവർക്ക് 30000 രൂപ സഹായധനം നൽകുന്നത്. ഇത് നഷ്ടപരിഹാരമെന്നു പറയാൻ കഴിയില്ല. എന്നാൽ സംസ്ഥാനത്ത് 9000 പശുക്കൾ നഷ്ടമായതിന് ഓരോന്നിനും ഈ തുക നൽകുമ്പോൾ മോശമല്ലാത്ത ഒരു സഹായമാണ്. സംഘങ്ങളിൽ പാലളക്കാത്ത ക്ഷീരകർഷകരെയും വിവരശേഖരണത്തിൽ ഉൾപ്പെടുത്തണമെന്നും അവർക്കും സഹായം കിട്ടണമെന്നാണ് വകുപ്പിന്റെ താൽപ്പര്യമെന്നും മന്ത്രി പറഞ്ഞു.
ഈ മേഖലയിലെ എല്ലാവരും ഒന്നിച്ചു നിന്നാൽ മൂന്നു മാസത്തിനകം ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് നമുക്ക് കരകയറാനാകും. മിൽമ, ക്ഷീരസംഘങ്ങൾ എന്നിവയ്ക്കു ഇതിൽ വലിയ പങ്കുണ്ട്. കണക്കെടുപ്പും തുടർന്നുള്ള നഷ്ടപരിഹാരം നൽകലും എല്ലാ വകുപ്പുകളും പരസ്പരം അറിഞ്ഞുവേണം ചെയ്യാൻ. ഇരട്ടിപ്പുണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. ഒരാൾക്ക് ഒന്നിലധികം ഏജൻസികളിൽ നിന്ന് സഹായം ലഭിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഇതുവഴി പരമാവധി ആളുകൾക്ക് സഹായമെത്തിക്കുക എന്നതാകണം ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലയിൽ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയിൽ രൂപീകരിച്ചിട്ടുള്ള ദുരന്തനിവാരണ സമതി ഓരോ രണ്ടു ദിവസവും യോഗം ചേർന്ന് ഗുണഭോക്തൃപട്ടിക പരിശോധിക്കണം. പുൽകൃഷിക്ക് പ്രാധാന്യം നൽകുന്ന രീതിയിൽ ചില പദ്ധതികളിൽ മാറ്റം വരുത്തും. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ മിൽമയുടെ നേതൃത്വത്തിൽ പുല്ല് നൽകുന്നത് കുറച്ചുകാലം കൂടി തുടരേണ്ടതുണ്ട്. ജില്ലാതല ദുരന്ത നിവാരണ ഏകോപന സമതിയിൽ മിൽമയുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്താൻ നിർദേശിച്ച മന്ത്രി ജില്ലയിൽ നിന്നുള്ള മറ്റു നിർദേശങ്ങൾ സംസ്ഥാന തലത്തിൽ പരിഗണിക്കുമെന്നും അറിയിച്ചു.
യോഗത്തിൽ മിൽമ മേഖല ചെയർമാൻ കല്ലട രമേശ്, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.സുനിൽകുമാർ, ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടർ ശ്രീലത, മിൽമ സീനിയർ മാനേജർ ഡോ.മുരളി, ദുരന്തനിവാരണ സമതി ചെയർമാൻ ധ്യാനസുതൻ, ശശികുമാർ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ എ.ഗീത മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സഞ്ചരിക്കുന്ന മൃഗാശുപത്രിക്ക് മോട്ടോർ ബോട്ട് നൽകുമെന്ന് മന്ത്രി

ആലപ്പുഴ: പ്രളയകാലത്ത് മികച്ച സേവനം നടത്തിയ സഞ്ചരിക്കുന്ന മൃഗാശുപത്രിക്ക് പ്രത്യേക പദ്ധതിയിൽപെടുത്തി ഒരു മോട്ടോർ ബോട്ട് നൽകാമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി കെ.രാജു. ആലപ്പുഴ ജില്ലയുടെ പ്രത്യേകതകൾ കാണിച്ച് ഇത്തരമൊരു പദ്ധതിക്ക് അപേക്ഷിച്ചാൽ അനുവദിക്കും. വെള്ളത്തിൽ സഞ്ചരിക്കുന്ന മൃഗാശുപത്രി തുടങ്ങിയപ്പോൾ ബോട്ടുണ്ടായിരുന്നതാണെങ്കിലും കാലപ്പഴക്കത്താൽ നശിച്ചുപോകുകയായിരുന്നു. പ്രളയക്കെടുതിയിൽ കുട്ടനാട്ടിലെ മുഴുവനാളുകളേയും നഗരത്തിലേക്ക് മാറ്റിപ്പാർപ്പിച്ചതോടെ അവശേഷിച്ച വളർത്തുമൃഗങ്ങൾക്ക് സഞ്ചരിക്കുന്ന മൃഗാശുപത്രിയാണ് തുണയായത്. ആദ്യപ്രളയത്തിൽ തന്നെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചതോടെ വാടകയ്‌ക്കെടുത്ത മോട്ടോർ ബോട്ടുപയോഗിച്ചാണ് സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തിച്ചുവരുന്നത്.