കൊച്ചി: പ്രകൃതിക്ഷോഭത്തിൽ തകർന്ന വീടുകളുടെയും കടകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും നാശനഷ്ടങ്ങളുടെ ഡിജിറ്റൽ അടിസ്ഥാന വിവര ശേഖരണം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. നാശനഷ്ടം സംഭവിച്ചിട്ടുള്ളവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് ഈ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. വിവരശേഖരണവും ക്രോഡീകരണവും പരിശോധനയും എല്ലാം കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് പൂർത്തീകരിക്കുന്നത്. ദുരന്തബാധിതമായ കെട്ടിടങ്ങളുടെ നിലവിലെ സ്ഥിതി ഫോട്ടോ അടക്കം ഐ.ടി മിഷൻ തയ്യാറാക്കിയ മൊബൈൽ ആപ്പ് വഴിയാണ് രേഖപ്പെടുത്തേണ്ടത്. ഇങ്ങനെ തയ്യാറാക്കുന്ന വിവരശേഖരണം തദ്ദേശ സ്വയംഭരണ സ്ഥാപനതല എൻജിനീയർമാരും അവരെ സഹായിക്കാനായി രൂപീകരിക്കുന്ന പ്രാദേശിക സാങ്കേതിക വിദഗ്ധരും അടങ്ങുന്ന പാനലിനെ ഏൽപ്പിക്കും. അവർ നേരിട്ട് നടത്തുന്ന പരിശോധനയുടെയും നാശനഷ്ട വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിക്കുന്ന നഷ്ടപരിഹാരം അനുവദിക്കും. പതിനഞ്ച് മുതൽ എഴുപത്തിയഞ്ച് ശതമാനവും അതിന് മുകളിലും വരെ അഞ്ച് വിഭാഗമായാണ് നാശനഷ്ടത്തിന്റെ തോത് വിലയിരുത്തുന്നത്. ഇതിൽ തർക്കമുണ്ടായാൽ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം.വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർ, വീടും പുരയിടവും നഷ്ടമായവർ, വീട് ഭാഗികമായി കേടുപാടുണ്ടായവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വിവരങ്ങൾ രേഖപ്പെടുത്താനാകും.
ആഗോള തലത്തിൽ ഉപയോഗിച്ച് കാര്യക്ഷമത ഉറപ്പാക്കിയിട്ടുള്ള ഓപ്പൺ സോഴ്സ് ക്രൗഡ് സോഴ്സിംഗ് പ്ലാറ്റ്ഫോമുകൾ അടിസ്ഥാനമാക്കിയാണ് മൊബൈൽ ആപ്പ് തയ്യാറാക്കുന്നത്.

വിവര ശേഖരണത്തിന് സന്നദ്ധരായ വോളണ്ടയർമാർക്ക് www.volunteers.rebuild.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മേഖല രേഖപ്പെടുത്താനും സാധിക്കും. ഇവർക്ക് മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ ആപ്പിലേക്ക് അപ് ലോഡ് ചെയ്യാൻ കഴിയൂ. ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താനായി ജിയോ ടാഗിംഗ് ഉപയോഗപ്പെടുത്തി സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും ആപ്പിൽ നൽകാനാകും. നിർമാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘റീബിൽഡ് കേരള ഐടി മിഷൻ’ എന്ന് തിരഞ്ഞാൽ ആപ്പ് ലഭിക്കും. പ്രളയം കൂടുതലായി ബാധിച്ച ചേന്ദമംഗലം, ചിറ്റാറ്റുകര, ആലങ്ങാട്, കാലടി, കുന്നുകര, പുത്തൻവേലിക്കര, പാറക്കടവ് തുടങ്ങിയ പഞ്ചായത്തുകളിലേക്കാണ് കൂടുതൽ വോളണ്ടിയർമാരെ ആവശ്യമുള്ളത്. പരമാവധി അഞ്ച് പ്രദേശങ്ങൾ വരെ ഒരു വോളണ്ടിയർക്ക് തെരഞ്ഞെടുക്കാം. പ്രവർത്തനങ്ങൾക്ക് മുന്നോടിയായി മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർക്ക് നൽകുന്ന പരിശീലനം വ്യാഴാഴ്ച പൂർത്തിയാകും. ഇവരാണ് വോളണ്ടിയർമാർക്ക് പരിശീലനം നൽകുന്നത്.

വിവരശേഖരണം നടത്തുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. ഇവർക്കായുള്ള പ്രാദേശികമായ സഹായങ്ങൾ ഇൻഫോർമേഷൻ കേരള മിഷന്റെ ടെക്നിക്കൽ വിഭാഗമാണ് നൽകേണ്ടത്. ഫീൽഡ് പ്രവർത്തനങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധിയും സെക്രട്ടറിയും ചേർന്ന് ക്രമീകരിക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്റ്റാർട്ട് അപ് മിഷൻ, കില എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്.