പ്രളയക്കെടുതിയിൽ വീടുകളിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസമായി നൽകുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂർത്തിയാക്കാൻ മന്ത്രിസഭ ഉപസമിതിയോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരശേഖരണവും പരിശോധനയും ഉൾപ്പെടെയുളള നടപടിക്രമങ്ങൾക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ യോഗം തീരുമാനിച്ചു.
ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. യോഗത്തിൽ ഉപസമിതി അംഗങ്ങളായ ഇ.പി. ജയരാജൻ, ഇ.ചന്ദ്രശേഖരൻ, മാത്യു ടി തോമസ്, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുത്തു.
എലിപ്പനി ഉൾപ്പെടെയുളള രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ഊർജിതമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. എലിപ്പനി പ്രതിരോധ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. രോഗം വന്ന് മരിച്ചവരിൽ ഒരാളൊഴികെ ആരും പ്രതിരോധ മരുന്ന് കഴിച്ചവരല്ലെന്ന് ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി 60 ലക്ഷം പ്രതിരോധ ടാബ് ലറ്റ് പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തിരുന്നു. എന്നാൽ മരുന്ന് ലഭിച്ചവർ തന്നെ അത് കഴിക്കാൻ തയ്യാറാകാതിരുന്നതാണ് പ്രശ്‌നമായതെന്ന് അദ്ദേഹം പറഞ്ഞു.
പല പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് കൊതുകുജന്യരോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും കൊതുകു നശീകരണത്തിന് കൂടുതൽ സംഘങ്ങളെ നിയോഗിക്കാനും തീരുമാനിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള നടപടിക്രമങ്ങൾ സെപ്റ്റംബർ 7-നകം പൂർത്തിയാക്കണം. കാണാതായവരിൽ ഇനി തിരിച്ചുവരാൻ സാധ്യതയില്ലാത്തവർ ഉണ്ടെങ്കിൽ അവരുടെ കുടുംബങ്ങൾക്കും വേഗത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കണം. ഓഖി ദുരന്തമുണ്ടായപ്പോൾ സ്വീകരിച്ച നടപടിക്രമം ഇക്കാര്യത്തിലും അനുവർത്തിക്കാൻ തീരുമാനിച്ചു.
കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിന് കൂടുതൽ പമ്പുകൾ ഉപയോഗിക്കും. നിലവിൽ ജില്ലാഭരണസംവിധാനത്തിന്റെ 23 പമ്പുകളും പാടശേഖര സമിതിയുടെ 30 പമ്പുകളും ഉപയോഗിക്കുന്നുണ്ട്. അതിനുപുറമെയാണ് കൂടുതൽ പമ്പുകൾ കൊണ്ടുവരുന്നത്. രേഖകൾ നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാനുളള നടപടികൾ ത്വരിതപ്പെടുത്തണം. വിവിധ ഏജൻസികൾ നൽകിയ ദുരിതാശ്വാസ സാധനങ്ങളിൽ ബാക്കിയുളളവ വിതരണം ചെയ്യുന്നതിനുളള മാനദണ്ഡം യോഗം അംഗീകരിച്ചു. വിതരണം പെട്ടെന്ന് പൂർത്തിയാക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളെ കൂടി ചുമതലപ്പെടുത്തും. പ്രളയം ബാധിച്ച കുടുംബങ്ങളിലെ കുട്ടികൾക്ക് അടിയന്തരമായി നോട്ടുപുസ്തകം ലഭ്യമാക്കും.
മാലിന്യസംസ്‌കരണം ഊർജിതമായി നടത്തും. ഇതിനകം 32,000 ടൺ അജൈവമാലിന്യം ശേഖരിച്ചിട്ടുണ്ട്. വീടുകളിൽ ബാക്കിയുളള അജൈവ മാലിന്യങ്ങൾ വളന്റിയർമാരെ അയച്ച് ശേഖരിക്കും. 160 പഞ്ചായത്തുകളിൽ മാലിന്യം ശേഖരിച്ചുവയ്ക്കാനുളള സ്ഥലം ലഭിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളിൽ 12,900 വീടുകളേ ഇനി വൃത്തിയാക്കാനുളളു. സ്‌കൂൾ ശുചീകരണം പൂർത്തിയായി.
യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യൻ, രാജീവ് സദാനന്ദൻ, ടി.കെ. ജോസ് തുടങ്ങിയവരും പങ്കെടുത്തു.