മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലികളിലെ ചർമമുഴ രോഗം തടയുന്നതിനുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. കോലഴി പഞ്ചായത്തിലെ തിരൂർ മൃഗാശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ 98 സ്ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിൽ കുത്തിവെപ്പ് നടത്തുന്നത്. ഒരു സ്ക്വാഡ് മുപ്പത് ദിവസം വരെ ഓരോ തദ്ദേശ സ്ഥാപന പ്രദേശത്ത് കുത്തിവെപ്പ് നൽകും. പഞ്ചായത്ത് തലത്തിൽ സൗജന്യമായാണ് കുത്തിവെപ്പ് നൽകുന്നത്. രോഗമുള്ള പശുക്കൾക്ക് നിലവിൽ പ്രതിരോധ കുത്തിവെപ്പ് നൽകുന്നില്ല.
ഇന്ത്യയിൽ 2019 ലാണ് ചർമമുഴ രോഗം സ്ഥിരീകരിക്കുന്നത്. കടുത്ത പനി, പാൽ ഉത്പാദനത്തിൽ കുറവ്, കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവം, ചർമത്തിൽ വലിപ്പമുള്ള മുഴകൾ ഉണ്ടാകുന്നതുമാണ് രോഗലക്ഷണങ്ങൾ.കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിനി, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ഒ ജി സൂരജ എന്നിവർ സംസാരിച്ചു.