ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2023- 24 സാമ്പത്തിക വർഷത്തെ വികസന സെമിനാർ ഉദ്ഘാടനവും കരട് രേഖയുടെ പ്രകാശനവും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. കാർഷിക വൈജ്ഞാനിക മേഖലയിൽ പുതുസംരംഭക സാധ്യതകൾ സെമിനാറിൽ പങ്കുവെച്ചു.

വികസനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മിഷനുകളെ സംയോജിപ്പിച്ചുകൊണ്ട് കഴിഞ്ഞ വർഷങ്ങളിൽ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2023 -24 വർഷത്തെ വാർഷിക പദ്ധതിയിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്. കാർഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും ശുചിത്വ മേഖലയിലും വൈജ്ഞാനിക മേഖലയിലും പുതിയ സംരംഭങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകിയാണ് ബ്ലോക്ക് പഞ്ചായത്ത് കരട് പദ്ധതി രേഖ തയ്യാറാക്കിയിട്ടുള്ളത്.

ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്റെ അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ് കരട് പദ്ധതി രേഖയുടെ അവതരണം നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ്, ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി ആർ ബാലൻ, ബ്ലോക്ക് മെമ്പർമാർ, ഇമ്പ്ലിമെന്റിങ് ഓഫീസർമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവരും സെമിനാറിൽ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡണ്ട് മോഹനൻ വലിയാട്ടിൽ സ്വാഗതവും സെക്രട്ടറി ജിനീഷ് കെ സി നന്ദിയും രേഖപ്പെടുത്തി.