കാക്കനാട്: പ്രളയത്തിന്റെ ആഘാതം വിലയിരുത്താൻ ലോകബാങ്ക് സംഘം ജില്ല സന്ദർശിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കലക്ടർമാരും വകുപ്പുതല ഉദ്യാഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. എ.ഡി.ബി. സംഘവും സന്ദർശനത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ എട്ട് മേഖലകളായി തിരിച്ചായിരിക്കും സന്ദർശനം.
ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി . അടിയന്തര ധനസഹായ വിതരണവും കിറ്റ് വിതരണവും ത്വരിതപ്പെടുത്താൻ നിർദ്ദേശിച്ചു. ട്രെയിൻ മാർഗ്ഗവും കപ്പൽമാർഗ്ഗവുമെത്തുന്ന ദുരിതാശ്വാസ വസ്തുക്കൾ കെട്ടിക്കിടക്കാതെ സംഭരണ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി നീക്കണം. പകർച്ചവ്യാധികൾ പടരാതിരിക്കാൻ ആരോഗ്യരംഗത്തുള്ളവർ ജാഗ്രത പുലർത്തണം. കൊതുകിനെ തടയാനുള്ള നടപടികളും ഉടനെ കൈക്കൊള്ളണം. കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ജലസ്രോതസ്സുകൾ ശുചീകരിച്ചുവെന്ന് ഉറപ്പാക്കണം. സർട്ടിഫിക്കറ്റുകളും ആധാരങ്ങളും വീണ്ടെടുക്കാൻ സത്വര നടപടി സ്വീകരിക്കും. ഐ.ടി.വകുപ്പുമായി ചേർന്ന് റേഷൻ കാർഡ് ലിങ്ക് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കും. അടിയന്തരമായി നൽകിയതല്ലാതെയുള്ള ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഉടൻ സർക്കാർ ഉത്തരവിറക്കുമെന്നും അവ മുൻഗണന ക്രമത്തിൽ വിതരണം ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.