ഉപയോഗ ശൂന്യമായിരുന്ന വീടുകള്‍ ദുരിതബാധിതര്‍ക്കായി ഒരുക്കി നല്‍കി കണ്ണൂര്‍, തോട്ടട ഗവ.പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാതൃകയായി. മണ്ണിടിച്ചലിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ മാനന്തവാടി നഗരസഭ പഞ്ചാരക്കൊല്ലി ഡിവിഷനിലെ മണിയന്‍ കുന്നിലെ നിവാസികള്‍ക്കാണ് ഇവരുടെ കരുതല്‍ ആശ്രയമായിരിക്കുന്നത്. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും പ്രദേശത്തെ ആറോളം കുടുംബങ്ങളെ താല്‍ക്കാലിക അഭയ കേന്ദ്രമായ ഈ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കാന്‍ കഴിഞ്ഞെന്നു പഞ്ചാരക്കൊല്ലി വാര്‍ഡ് അംഗം കെ.വി ജുബൈര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ പ്രദേശത്തെ ഏഴു വീടുകള്‍ പൂര്‍ണ്ണമായും രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. വീടും സ്വത്തും നഷ്ടപ്പെട്ട ഒന്‍പതോളം കുടുംബങ്ങള്‍ സമീപത്തെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു അഭയം തേടിയിരുന്നത്. അതിനിടയിലാണ് മാനന്തവാടി സ്വദേശിയും തോട്ടട ഗവ. പോളി ജീവനക്കാരനുമായ പി. സനല്‍കുമാര്‍ വയനാടിന്റെ പ്രളയക്കെടുതികളുടെ വ്യാപ്തി കോളേജ് പ്രിന്‍സിപ്പാള്‍ എം.സി പ്രകാശനെ ബോധ്യപ്പെടുത്തുന്നത്. തുടര്‍ന്ന് മാനന്തവാടി നഗരസഭയുമായി കൈകോര്‍ത്ത് കോളേജിലെ സാങ്കേതിക വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കുകയായിരുന്നു. അന്വേഷണത്തിനിടയിലാണ് ട്രൈബല്‍ സൊസൈറ്റി ആദിവാസി വിഭാഗങ്ങള്‍ക്കായി പ്രീയദര്‍ശിനി തേയിലത്തോട്ടത്തില്‍ നിര്‍മ്മിച്ച കാടുപിടിച്ചുകിടക്കുന്ന വീടുകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. ഇത്തരത്തിലുണ്ടായിരുന്ന എട്ടുവീടുകളില്‍ മേല്‍ക്കൂരയുള്ള ആറുവീടുകളും കുടാതെ താമസക്കാര്‍ ഒഴിഞ്ഞുപോയ കോളനിയിലെ മൂന്നു വീടുകളും മുപ്പതോളം വിദ്യാര്‍ത്ഥികളും ഇരുപത്തിയഞ്ചോളം വരുന്ന അദ്ധ്യാപകരും ചേര്‍ന്നു വാസയോഗ്യമാക്കി. നാലു ദിവസം കൊണ്ട് കാടുപിടിച്ചു കിടന്ന വീടും പരിസരവും വൃത്തിയാക്കി പെയിന്റടിച്ച് പ്ലംമ്പിഗും വൈദ്യൂതികരണവും പൂര്‍ത്തിയാക്കിയാണ് ഈ സംഘം മടങ്ങിയത്. തോട്ടട ഗവ. പോളി വിദ്യാര്‍ത്ഥികളെ കൂടാതെ പയ്യന്നൂര്‍ സി.ഇ.ടി എന്‍ജിനീയറിംഗ് കോളേജിലെ അഞ്ചു വിദ്യാര്‍ത്ഥികളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. സ്വന്തമായി കണ്ടെത്തിയ ഒരു ലക്ഷത്തോളം രൂപ ചെലവാക്കിയാണ് വയറിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയത്. കൂടാതെ മാനന്തവാടിയിലെ ഫേഷന്‍ വില്ലേജ് ടെക്സ്റ്റയില്‍ ഉടമ കെ. ഫൗലാദ് പ്ലംമ്പിഗിംനാവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. വീടുകള്‍ക്കാവശ്യമായ വാതിലുകള്‍ എത്തിച്ചു നല്‍കുകയും കുടിവെള്ളത്തിനായി താല്‍ക്കാലിക സംവിധാനവും നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ വീടുകളില്‍ വൈദ്യുതിയെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതരും. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ടി ബിജു, കോളേജ് എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ കെ.പി ബിജു തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
