കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പരമാവധി വിഭവസമാഹരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ ജില്ലയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള യോഗം വ്യാഴാഴ്ച്ച നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11ന് ചേരുന്ന യോഗത്തില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, കൊച്ചി മേയര്‍, മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയില്‍ നടന്നുവരുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെയും ശുചീകരണത്തിന്റെയും അവലോകനം, പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ച എന്നിവയും യോഗത്തില്‍ നടക്കും.