പത്തനംതിട്ട കളക്ടറേറ്റിനു സമീപം ജില്ലാ ആസൂത്രണ സമിതി കെട്ടിട നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷക്കാലമായി മുടങ്ങിക്കിടന്ന കെട്ടിടത്തിന്റെ നിര്‍മാണം പുനരാരംഭിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിര്‍മിക്കുന്ന കോണ്‍ഫറന്‍സ് ഹാള്‍, അണ്ടര്‍ ഗ്രൗണ്ട് വാഹന പാര്‍ക്കിംഗ്, ലൈബ്രറി ഏരിയ, ലിഫ്റ്റ് വാട്ടര്‍ ടാങ്കുകള്‍, ജനറേറ്റര്‍  സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചു. 2015ല്‍ നിര്‍മാണം ആരംഭിച്ച് 2017ല്‍ ഭാഗികമായി പൂര്‍ത്തീകരിച്ച ശേഷം നിര്‍മാണ ജോലികള്‍ മുടങ്ങിയിരുന്നു. പുതിയ ജില്ലാ പഞ്ചായത്ത് കമ്മിറ്റി അധികാരത്തില്‍ വന്നതിനു ശേഷം ആവശ്യമായ ഫണ്ട് സ്വരൂപിച്ച് പുതുക്കിയ എസ്റ്റിമേറ്റു പ്രകാരം ബാക്കി പണികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഭരണാനുമതി വാങ്ങിയാണ് ഇപ്പോള്‍ നിര്‍മാണം പുനരാരംഭിച്ചിട്ടുള്ളത്. നാല് നിലകളായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ്, ടൗണ്‍ പ്ലാനിംഗ് ഓഫീസ്, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിനായി 425 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും 64.44 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കായി റബ്‌കോ ജനറല്‍ മാനേജര്‍ക്കും ഭരണാമതി ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ 337.45 ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 175 ലക്ഷം രൂപ സംസ്ഥാന ഫണ്ടും 162.45 ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും ആണ്. ജനുവരി ആറിന് നിര്‍മാണ കരാര്‍ ഒപ്പ് വച്ചിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും.

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ജാസ്മിന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ആശ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ് തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.