കൊച്ചി: മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വ്യാപകനാശം. ജില്ലയില്‍ നിലവിലുള്ള 82 ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിഭാഗം പഞ്ചായത്തുകളും പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. അങ്കമാലി, കോതമംഗലം, പറവൂര്‍, പാറക്കടവ്, ആലങ്ങാട്, മൂവാറ്റുപുഴ, വാഴക്കുളം എന്നീ ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഔദ്യോഗിക രേഖകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്.
ജില്ലയില്‍ 2220 വീടുകളാണ് പ്രാഥമിക കണക്ക് പ്രകാരം പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും നശിച്ചിട്ടുള്ളത്. കൂടാതെ 13001 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 1804 കിലോ മീറ്റര്‍ റോഡുകള്‍ തകരാറിലായിട്ടുണ്ട്. ഇതില്‍ കുന്നത്തുനാട് താലൂക്കിന് കീഴില്‍ അര കിലോ മീറ്റര്‍ റോഡ് ഒലിച്ചുപോയിട്ടുണ്ട്. കൂടാതെ പല ഭാഗങ്ങളിലെയും ടാറിങ് ഇളകിയിട്ടുണ്ട്. സൈഡ് വാളുകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
286 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് പ്രളയത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. കൂടാതെ ഒട്ടനവധി ഔദ്യോഗിക രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. ആലങ്ങാട് കടുങ്ങല്ലൂര്‍ കരുമാലൂര്‍ ചേരാനല്ലൂര്‍ ചേന്ദമംഗലം, പറവൂര്‍, കുന്നുകര, വടക്കേക്കര എന്നീ പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ ആവുകയും ഒട്ടനവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ സൂക്ഷിച്ച് ഔദ്യോഗിക രേഖകള്‍ നഷ്ടപ്പെടുകയും കമ്പ്യൂട്ടറുകള്‍ ഫര്‍ണിച്ചറുകള്‍ മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവയെല്ലാം നശിച്ചുപോയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ വരുന്ന വിദ്യാലയങ്ങളിലും പ്രളയാനന്തരം നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 69 വിദ്യാലയങ്ങള്‍ക്ക് ആണ് ജില്ലയില്‍ പ്രാഥമിക കണക്കുപ്രകാരം നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ വടക്കേക്കര, ചൂര്‍ണ്ണിക്കര,  എഴിക്കര, പുത്തന്‍കുരിശ്, ചേന്ദമംഗലം, പുത്തന്‍വേലിക്കര, പാറക്കടവ്, നെടുമ്പാശ്ശേരി, കുന്നുകര, ചെങ്ങമനാട് എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. ചില വിദ്യാലയങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്.
591 അംഗന്‍വാടികള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചിരിക്കുന്നത് നോര്‍ത്ത് പറവൂര്‍ ഭാഗത്താണ്. ആകെയുള്ള 169 അംഗനവാടികളില്‍ 136 ലും വെള്ളം കയറുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ പാറക്കടവ്, ആലങ്ങാട്, വാഴക്കുളം, കരുമാല്ലൂര്‍ കടുങ്ങല്ലൂര്‍ എന്നീ ഭാഗങ്ങളിലും സാരമായ നഷ്ടം സംഭവിച്ചിട്ടുണ്ട്.  1976 മുതലുള്ള ഫയലുകളാണ് പ്രളയത്തെ തുടര്‍ന്ന് വാഴക്കുളത്ത് നിന്നും നഷ്ടമായത്. കൂടാതെ എല്ലാ അംഗനവാടികളില്‍ നിന്നും ഫര്‍ണിച്ചര്‍, കമ്പ്യൂട്ടറുകള്‍, ഭക്ഷണ വസ്തുക്കള്‍ എന്നീ ഇനത്തിലും നഷ്ടം വന്നിട്ടുണ്ട്.  കൂടാതെ പ്രളയം രൂക്ഷമായി ബാധിച്ച ഭാഗങ്ങളിലെ അംഗനവാടികളില്‍ ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഇതുമൂലം ഇവ വീണ്ടും പുനരാരംഭിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.  ഇതുമൂലം പുനരാരംഭിക്കാന്‍ കഴിയാത്ത അംഗനവാടികളില്‍ കുട്ടികള്‍ക്ക് അവര്‍ക്കാവശ്യമായ അംഗനവാടിയില്‍ നിന്ന് നല്‍കുന്ന ഭക്ഷണം വീട്ടില്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. തെലുങ്കാന ഗവണ്‍മെന്റിന്റെ സഹകരണത്തോടെ ദുരിതബാധിതര്‍ക്കായി എത്തിയ കുട്ടികളുടെ ഭക്ഷണം അംഗനവാടികള്‍ മുഖേനയാണ് നല്‍കുന്നത്.
ഇവ കൂടാതെ 70 പാലങ്ങള്‍ക്കും 25 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ക്കും  പഞ്ചായത്തിന്റെ നേരിട്ടുള്ള 60 കെട്ടിടങ്ങള്‍ക്കും ചെറിയ തോതിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല ഭാഗങ്ങളിലും മതിലുകള്‍ ഇടിഞ്ഞു വീണിട്ടുണ്ട്. നിലവില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചു തകരാറിലായ സ്ഥാപനങ്ങളും റോഡുകളും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. വെള്ളത്തിലായ പഞ്ചായത്തുകള്‍ എല്ലാം പഞ്ചായത്തിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.