പ്രളയബാധിത പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങളില്‍ അധ്യാപകരെയും കുട്ടികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യൂണിസെഫുമായി ചേര്‍ന്ന് എസ്.സി.ഇ.ആര്‍.ടി കൗണ്‍സിലിംഗ് നടത്തും. ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതും സാങ്കേതിക സഹായം നല്‍കുന്നതും ബാംഗ്ലൂരു ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് ആണ്. ആദ്യഘട്ട പരിശീലനം ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ ക്രേന്ദ്രീകരിച്ച് ആരംഭിച്ചു. പ്രത്യേക കൗണ്‍സിലിംഗ് ആവശ്യമുള്ള എല്ലാ ജില്ലകളിലേക്കും അടുത്തഘട്ടത്തില്‍ പരിപാടി വ്യാപിപ്പിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി കൂടാതെ പല ബാഹ്യ ഏജന്‍സികളും സംഘടനകളും വ്യക്തികളും വിദ്യാലയങ്ങളില്‍ കൗണ്‍സിലിംഗ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിപാടികളല്ലാതെ മറ്റു  കൗണ്‍സിലിംഗ് പൊതുവിദ്യാലയങ്ങളില്‍ അനുവദിക്കാന്‍ പാടില്ല.
വിവിധ വകുപ്പുകള്‍ ആസൂത്രണം ചെയ്യുന്ന ഗൈഡന്‍സ് കൗണ്‍സലിംഗ് പരിപാടികളെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ എസ്.സി.ഇ.ആര്‍.ടി കേന്ദ്രീകരിച്ച് ഗൈഡന്‍സ് കൗണ്‍സിലിംഗ് സെല്‍ രൂപീകരിക്കും. വിദ്യാലയങ്ങളില്‍ നടക്കുന്ന എല്ലാവിധ ഗൈഡന്‍സ് കൗണ്‍സിലിംഗ് പ്രവര്‍ത്തനങ്ങളും ഈ സെല്ലിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും ആയിരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു.