ആലപ്പുഴ: പ്രളയത്തിനു ശേഷം ജില്ലയിൽ എലിപ്പനി പടർന്നുപിടിക്കാതിരിക്കാൻ ഊർജിത പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്.
ദുരിതമഴപെയ്ത ഓഗസ്റ്റിൽ ജില്ലയിൽ 16 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഒരു മരണം പോലും റിപോർട്ട് ചെയ്തിട്ടില്ലെന്നത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നു. ഈ വർഷം ഇതുവരെ ജില്ലയിൽ 76 എലിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ 2 മരണവും ഇതൊടൊപ്പം റിപ്പോർട് ചെയ്തു. സെപ്റ്റംബർ4 വരെ 22 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം(2017) ജില്ലയിൽ 204 എലിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ രണ്ടു മരണമാണ് 2017ലും റിപ്പോർട് ചെയ്തത്.

ആരോഗ്യ വകുപ്പ് പ്രവർത്തനം എങ്ങനെ?

എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, സബ് സെന്ററുകൾ, അങ്കണവാടി,എന്നിവിടങ്ങളിൽ എലിപ്പനി പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുന്നുണ്ട്.ആശ പ്രവർത്തകർ മുഖേന പ്രളയാബാധിത പ്രദേശങ്ങളിലെ വീടുകളിലും പ്രതിരോധ മരുന്ന് എത്തിക്കുന്നു.
വയൽ,ഓട,തോട്,കുളങ്ങൾ,വെള്ളകെട്ടുകൾ എന്നിവിടങ്ങളിൽ പണി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരിക്കൽ നിർബന്ധമായും പ്രതിരോധ മരുന്ന് നൽകിയത് ജില്ലയിൽ എലിപ്പനി കേസുകൾ കുറച്ചുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ പ്രളയ മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധപ്രവർത്തകരായ യുവാക്കളിൽ നിന്ന് പ്രതിരോധ മരുന്ന് കഴിക്കുന്ന കാര്യത്തിൽ സഹകരണകുറവ് നേരിടുന്നുവെന്ന പരാതിയും ആരോഗ്യവകുപ്പിനുണ്ട്. ക്യാമ്പുകളിൽ നിന്ന് മടങ്ങുന്ന കുട്ടനാട്ടുകർക്കും മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾക്കുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, മാതാ ജെട്ടി എന്നിവിടങ്ങളിലും സ്റ്റാളുകൾ തുറന്നു.

എലിപ്പനി എങ്ങനെ തടയാം?

എലിയിൽ നിന്ന് മാത്രമല്ല പട്ടി, പൂച്ച കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്രം വഴി മണ്ണിലും മലിന ജലത്തിലും എത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗം ഉണ്ടാക്കുന്നത്.ക്ഷീണത്തോടെയുള്ള പനിയും തലവേദനയും ശരീരം വേദനയും കണ്ണിന് ചുവപ്പും ആണ് എലിപ്പനി യുടെ രോഗ ലക്ഷണങ്ങൾ.
വെള്ളക്കെട്ടിൽ ജീവിക്കുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവർത്തകരും നിർബന്ധമായും എലിപ്പനിക്ക് എതിരെയുള്ള രോഗപ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ (200 മില്ലിഗ്രാം )ഗുളിക കൃത്യമായി കഴിക്കേണ്ടതാണ്. ആഴ്ചയിൽ ഒരിക്കൽ ആഹാരത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടതാണ്.മലിന ജലവുമായി സമ്പർക്കത്തിൽ ഇരിക്കുന്ന അവസ്ഥ ഒഴിവാക്കുന്നത് വരെയുള്ള ആഴ്ചകളിൽ ഗുളിക കഴിക്കണം.ഗർഭിണികളും കുട്ടികളും ഡോക്ടറുടെ നിർദേശ പ്രകാരം ഗുളിക കഴിക്കുക.
വെള്ളക്കെട്ടിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഗംബൂട്ടും കൈയുറകളും ഉപയോഗിച്ച് മാത്രം ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുക.കെട്ടിനിൽക്കുന്ന കുട്ടികൾ വിനോദത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നത് ഒഴിവാക്കണം.കെട്ടികിടക്കുന്ന വെള്ളത്തിൽ കൈകാലുകളോ മുഖമോ കഴുകുകയോ, കുളിക്കുകയോ ചെയ്യരുത്. മലിന ജലത്തിൽ ചവിട്ടിയാൽ സോപ്പ് ഉപയോഗിച്ച് കഴുകണം.
ജലസംഭരണ ടാങ്കുകളിലെ ജലത്തിൽ എലി കാഷ്ടം മൂത്രം ഇന്നിവ വീഴുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക.രണ്ട് മൂന്ന് ദിവസം കൊണ്ട് ഭേദമാകാത്ത പനികളും ആവർത്തിച്ചു വരുന്ന പനികളും പ്രത്യേകം ശ്രദ്ധിക്കണം.