കോട്ടയം: കാൻസർ പ്രതിരോധവും രോഗികൾക്ക് ശരിയായ പരിചരണവും ഉറപ്പുവരുത്താൻ സർക്കാരും സന്നദ്ധസംഘടനകളും ഒന്നിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ.ലോക കാൻസർ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, ആശാകിരണം കാൻസർ സുരക്ഷ പദ്ധതി എന്നിവ സംയുക്തമായി കുറവിലങ്ങാട് പി.ഡി. പോൾ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.
ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് കാൻസർ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നും രോഗം നേരത്തെ കണ്ടെത്തുന്നന്തിനും ചികിത്സിക്കുന്നതിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളടക്കം രംഗത്തുവരണമെന്നും എം.എൽ.എ. പറഞ്ഞു.

പൊതുസമ്മേളനത്തിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. ‘ശൈലി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ജില്ലയിൽ 30 വയസിനു മുകളിലുള്ള 60 ശതമാനം പേരെയും കാൻസർ, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾക്കായി സ്‌ക്രീനിങ്ങിനു വിധേയമാക്കി കഴിഞ്ഞുവെന്നും മാർച്ച് 31നു മുൻപ് പൂർത്തിയാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു. സ്‌ക്രീനിങ്ങിൽ രോഗസാധ്യത ഉള്ളതായി കണ്ടെത്തിയവർ പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളിൽ തുടർപരിശോധനയ്ക്ക് വിധേയരാക്കാൻ ശ്രദ്ധിക്കണം. തുടർന്ന് ഇവരുടെ വിദഗ്ധ പരിശോധനക്കായി ജില്ലാ പഞ്ചായത്തും മറ്റു തദ്ദേശസ്ഥാപനങ്ങളും ‘ക്യാൻ കോട്ടയം’ എന്ന പദ്ധതിയിൽപെടുത്തി ഒന്നരക്കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്. ഇവ പ്രയോജനപ്പെടുത്താൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ. പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം നിർമ്മലാ ജിമ്മി, പഞ്ചായത്തംഗം ഡാർലി ജോജി, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. അഗസ്തിൻ മേച്ചേരിൽ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, കുറവിലങ്ങാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ, ആശാകിരണം പദ്ധതി കോ-ഓർഡിനേറ്റർ പ്രമീള ജോർജ് എന്നിവർ പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ച് നടന്ന സെമിനാറിൽ മെഡിക്കൽ കോളജ് കാൻസർ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനിത ടി. തോമസ് ‘കാൻസർ പ്രതിരോധം, പരിശോധനകൾ’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. കോട്ടയം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ ലഹരി വിമുക്തി സംബന്ധിച്ച മൈം അവതരിപ്പിച്ചു.