ലോക സാക്ഷരതാ ദിനത്തിൽ പാലക്കാട് ജില്ലയിൽ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവൃത്തികൾ സംഘടിപ്പിച്ചു . ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ഉണ്ടായ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശാനുസരണം ആഘോഷ പരിപാടികൾ ഒഴിവാക്കിയായിരുന്നു വിവിധ പരിപാടികൾ.
സ്കൂൾ, ആശുപത്രികൾ തുടങ്ങിയ പൊതു സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ, ആരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചത്. ജില്ലയിലെ 196 പ്രേരക്മാരും പഠിതാക്കളും സാക്ഷരതാ മിഷൻ ജീവനക്കാരും ശുചീകരണ പ്രവൃത്തികളിൽ പങ്കാളികളായി.
ആലത്തൂർ താലൂക്ക് ആശുപത്രിയിലും സർക്കാർ സ്കൂൾ പരിസരത്തും നടന്ന ശുചീകരണ പരിപാടികൾക്ക് സാക്ഷരതാ മിഷൻ ജില്ല കോർഡിനേറ്റർ പി.എം.അബ്ദുൾ കരീം, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ പി.വി. പാർവതി, എം.മുഹമ്മദ് ബഷീർ, ബ്ലോക്ക് കോർഡിനേറ്റർ ബി. കലാദേവി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് ചെയർപെഴ്സൻ കെ.സുലോചന ആലത്തൂർ ബ്ലോക്ക് പരിധിയിലെ സാക്ഷരതാ മിഷൻ പ്രേരക്മാർ, തുല്യതാ പഠിതാക്കൾ എന്നിവർ നേതൃത്വം നല്കി.