പ്രളയക്കെടുതിയെ തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുക സമാഹരിക്കുന്നതിനായി ആരംഭിച്ച നവകേരള ലോട്ടറിയുടെ ജില്ലാതല ഉദ്ഘാടനം പട്ടിക ജാതി-വർഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. ജില്ലാ കലക്ടറുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പാലക്കാട് എം.പി. എം.ബി. രാജേഷ് അധ്യക്ഷനായി. നവകേരള ലോട്ടറി മന്ത്രി എ.കെ. ബാലനിൽ നിന്ന് എംബി രാജേഷ് എം.പി, എംഎൽഎമാരായ ഷാഫി പറമ്പിൽ, വി.ടി. ബലറാം എന്നിവർ ഏറ്റുവാങ്ങി.
നവകേരള ലോട്ടറിയുടെ വിൽപ്പനയ്ക്കായി ഒരു പ്രത്യേക കൗണ്ടർ ജില്ലാ ലോട്ടറി ഒാഫീസിൽ സെപ്തംബർ മൂന്നാം തിയ്യതി മുതൽ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ ലോട്ടറി ഒാഫീസർ സാബു സാമുവൽ പറഞ്ഞു. 250 രൂപയാണ് ലോട്ടറിയുടെ വില. ഒന്നാം സമ്മാനം 90 പേർക്ക് ഒരു ലക്ഷം വീതവും രണ്ടാം സമ്മാനം 1,00,800 പേർക്ക് 5000 രൂപ വീതവുമാണ്.
ലോട്ടറി ജില്ലാ ലോട്ടറി ഒാഫീസിൽ നിന്നും സബ് ഒാഫീസിൽ നിന്നും ലഭിക്കും. ക്യാഷ്വൽ ഏജന്റായി രജിസ്ട്രർ ചെയ്തവർക്ക് മാത്രമേ ലോട്ടറി ഒാഫീസിൽ നിന്നും നവകേരളം ലോട്ടറി ലഭിക്കു. ലോട്ടറി ഒാഫീസിൽ നിന്നു ലോട്ടറി ലഭിക്കണമെങ്കിൽ പാൻ കാർഡിന്റെ പകർപ്പും ഒരു ഐഡി കാർഡും കൊണ്ട് വരണം. ലോട്ടറി ഒാഫീസിൽ നിന്നും വാങ്ങുന്ന ലോട്ടറിക്ക് 25 ശതമാനം വിലക്കിഴിവ് ലഭിക്കുമെന്നും ലോട്ടറി ഒാഫീസർ അറിയിച്ചു.
എംഎൽഎമാരായി വിജയദാസ്, കെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ കലക്ടർ ഡി. ബാലമുരളി, എഡിഎം ടി.വിജയൻ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, ലോട്ടറി ഒാഫീസർ സാബു സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.