പാലക്കാട്: മഴക്കെടുതിയെ തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുള്ള അടിയന്തര ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കുമെന്ന് പട്ടിക ജാതി-വർഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ജില്ലാ കലക്ടറുടെ കോൺഫറൻസ് ഹാളിൽ നടന്ന  ജില്ലയിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത  ജനപ്രതിനിധികളുടെ അവലോകന യോഗത്തിൽ സംസാരിക്കുയായിരുന്നു മന്ത്രി. തഹസിൽദാർമാർ റിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ 165 ദുരിതാശ്വാസ ക്യാമ്പുകളിലായി 5241 കുടുംബങ്ങളിലെ 16,684 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അപ്നാ ഘർ അടക്കം രണ്ട് ക്യാമ്പുകളിലായി 24 കുടുംബങ്ങളിലെ 79 പേരാണുള്ളത്. നിലവിൽ ഭക്ഷണത്തിന്റെ പ്രശ്നമില്ലെന്നും അറിഞ്ഞും കേട്ടും ജനങ്ങൾ സംഭാവന നൽകിയെന്നും മന്ത്രി പറഞ്ഞു. 500 കോടിയുടെ നഷ്ടമാണ് ജില്ലയിൽ പ്രാഥമികമായി കണക്കാകുന്നത്. പുനരധിവാസവും പുനർ നിർമ്മാണവും സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  മൂന്ന് തട്ടിലായി കണ്ടെത്തുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.ആദ്യ തട്ടിൽ കേരളത്തിനകത്ത് നിന്നും, കേരളത്തിന് പുറത്തുള്ള രാജ്യത്തിലെ മലയാളികളെ ഉപയോഗിച്ച് രണ്ടാമത്തെ തട്ടിലും പ്രവാസികളെ ഉപയോഗിച്ച് രാജ്യത്തിന് പുറത്ത് നിന്ന്  പണം കണ്ടെത്താനാണ്  ശ്രമമെന്ന്  മൂന്നാമത്തെ തട്ടിലൂടെ ശ്രമിക്കുന്നതെന്ന് സർക്കാർ തീരുമാനം വിശദീകരിച്ച് കൊണ്ട് മന്ത്രി പറഞ്ഞു.
പുനർ നിർമാണത്തിനായി അസംസ്കൃത വസ്തുകളുടെ ലഭ്യത ഉറപ്പ് വരുത്തണം. അതു പോലെ തന്നെ പ്രശ്ന ബാധിക മേഖലകളിൽ പുനരധിവാസം നടത്തുന്നതിൽ അർത്ഥമില്ലെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിയെ പരിഗണിച്ച് കൊണ്ട്, ദുരന്ത നിവാരണ ചടങ്ങൾ അനുസരിച്ച് മാത്രമേ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.  ബാങ്ക് വായ്പകൾ സംബന്ധിച്ച് പുനർക്രമീകരണത്തിന്റെ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി വിവിധ റെസിഡൻസ് അസോസിയേഷനുകളെ ഉപയോഗിക്കാമെന്ന് പാലക്കാട് എംപി എം.ബി. രാജേഷ് പറഞ്ഞു. ബിഇഎംഎൽ തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനായി ഒരു ഞായറാഴ്ച അധികമായി ജോലി ചെയ്യുകയാണ്. ഇതിലൂടെ ഒരു കോടി രൂപ സമാഹരിക്കും. ഇൗ മാതൃക മറ്റുള്ളവർക്കും പിന്തുടരാമെന്നും എംപി ചൂണ്ടികാണിച്ചു.
എംഎൽഎമാരായ വി.ടി. ബലറാം, ഷാഫി പറമ്പിൽ, വിജയദാസ്, കെ. ബാബു,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി,ജില്ലാ കലക്ടർ ഡി. ബാലമുരളി, എഡിഎം ടി.വിജയൻ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.