ആലപ്പുഴ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലെ കിണറുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് തുടക്കമായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ ആശാവർക്കർമാർ, നാഷണൽ സർവീസ് സ്‌കീം വോളിയർമാർ, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, ഫുഡ് ആൻഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഗുണനിലവാര പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കുന്നത്. പ്രാഥമികമായി ക്ലോറിനേറ്റ് ചെയ്ത കിണറുകളിലെ വെള്ളത്തിന്റെ പരിശോധനയാണ് നടക്കുക. പി.എച്ച്., റസിഡ്യുവൽ ക്ലോറിൻ, ക്ഷാരപരിശോധന, ക്ലോറൈഡ്, ഫ്‌ളൂറൈഡ് , ടോട്ടൽ കോളിഫോം എന്നിവയാണ് പരിശോധിക്കുന്നത് . ഇവ പരിശോധിക്കുന്നതിനുള്ള പ്രത്യേക കിറ്റുകളും ചെറിയ ലാബ് സൗകര്യവും സംഘത്തോടൊപ്പം ഉ്. സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് പ്രാഥമിക ഘട്ടമായി കുടിവെള്ള ഗുണനിലവാര പരിശോധന നടത്തുവാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ പ്രളയബാധിത പ്രദേശങ്ങളാണ് ആദ്യം പരിശോധന പൂർത്തിയാക്കുക. ജില്ലയിൽ ചെങ്ങന്നൂരും തലവടി പഞ്ചായത്തിലും പരിശോധന തുടങ്ങി. ഇതിനായി ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മൂന്ന് ബൂത്തുകൾ ഉാകും. ഗുണനിലവാര പരിശോധനയ്ക്ക് നേതൃത്വം നൽകി മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചീഫ് എൻവിയോൺമെൻറ് എൻജിനീയർ എസ് ശ്രീകല ചെങ്ങന്നൂരും തലവടിയും സന്ദർശിച്ചു. തലവടി ഗ്രാമപഞ്ചായത്തിലെ പരിശോധന പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജനൂബ് പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. തലവടി പഞ്ചായത്ത് അംഗം ബാബു വലിയവീടൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അജിത് കുമാർ പിഷാരത്ത്, പ്രകാശ് പനവേലി, സുഷമ സുധാകരൻ, രമാമോഹൻ എന്നിവർ പ്രസംഗിച്ചു.