ജനതയുടെ വളർച്ചയിൽ ക്ലാസ് മുറികളുടെ പ്രാധാന്യം വളരെ വലുതാണെന്ന് മുൻ എം.പിയും എം.എൽ.എയുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ. എറണാകുളം മറൈൻ ഡ്രൈവ് മൈതാനത്ത് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കരുത്താർന്ന പൊതു വിദ്യാഭ്യാസം കരുതലാർന്ന നേതൃത്വം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ അദ്ദേഹം പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയെ കുറിച്ച് സംസാരിച്ചു.
തെരുവിൽ അലഞ്ഞു നടന്ന് തന്നോടൊപ്പം കൂടുന്ന കുട്ടികൾക്കു വിദ്യ പകർന്നു നൽകി ഉത്തരങ്ങളിൽ നിന്നും ചോദ്യങ്ങൾ സൃഷ്ടിക്കുന്ന സോക്രട്ടീസിന്റെ പഠന രീതിയും ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിലെ ഗുരുകുല സമ്പ്രദായവും, പള്ളി മേധാവിയായിരുന്ന ചാവറയച്ഛന്റെ നിർദേശപ്രകാരം കേരളത്തിൽ ഉയർന്നുവന്ന പള്ളിക്കൂടവും ബ്രിട്ടീഷ് വിദ്യാഭ്യാസവുമെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ ഭാഗമായി.
കേരളത്തിന്റെ ആദ്യ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരി ,അധ്യാപകർക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കി നൽകിയത് പൊതു വിദ്യാഭ്യാസത്തിലെ നാഴികക്കല്ലായിരുന്നു. കേരളീയ നവോത്ഥാനത്തിന് ശിലയിട്ടത് പൊതു വിദ്യാഭ്യാസമായിരുന്നെന്നും സമൂഹത്തിന്റെ ശാക്തീകരണത്തിനും ഉന്നമനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മറൈൻഡ്രൈവ് മൈതാനത്ത് നടന്ന പാനൽ ചർച്ചയിൽ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ഹണി ജി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വടുതല സെന്റ് പീറ്റേഴ്സ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ വേദിയിൽ നാടകം അവതരിപ്പിച്ചു. വൈപ്പിൻ ബ്ലോക്ക് റിസോഴ്സ് സെന്ററിലെ ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച ഗാനമേള വേദിയിൽ ആവേശമുണർത്തി.