മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമേകി കുഞ്ഞുകൈകളും. സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാലയങ്ങളിലെ ഇളം കുരുന്നുകള്‍ അവരുടെ ദീര്‍ഘകാലത്തെ കുഞ്ഞു സമ്പാദ്യങ്ങള്‍ സംഭവന ചെയ്താണ് സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
തിരുവനന്തപുരം ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സഹായം സഹകരണ-ടൂറിസം-ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിവിധ സ്‌കൂളുകളിലെത്തി ഏറ്റുവാങ്ങി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ആദ്യഘട്ടമായി 50,000 രൂപ മന്ത്രിക്കു കൈമാറി. ദുരിതബാധിതരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നിര്‍ലോഭമായ സഹായമാണ് ലഭിക്കുന്നതെന്നും നാടിനെ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും സഹായം നല്‍കണമെന്നും മന്ത്രി പറഞ്ഞു. എസ്.എം.സി. ചെയര്‍മാന്‍ അരവിന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ലളിതകുമാരി, പ്രിന്‍സിപ്പല്‍ കെ.എല്‍. പ്രീത, ഹെഡ്മാസ്റ്റര്‍മാരായ എ.ആര്‍. ജസീല, ജെ. രാജശ്രീ എന്നിവര്‍ പങ്കെടുത്തു. പട്ടം ഗേള്‍സ് എച്ച്.എസ്.എസിലെ ധനസഹായ സമാഹരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 10,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികള്‍ കൈമാറി. പ്രിന്‍സിപ്പല്‍ എന്‍. രത്‌നകുമാര്‍, ഹെഡ്മാസ്റ്റര്‍ ജി. രവീന്ദ്, പി.റ്റി.എ. പ്രസിഡന്റ് കെ.ആര്‍. രാജീവ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ശ്യാംലാല്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ സന്ദേശം സ്‌കൂള്‍ അസംബ്ലിയില്‍ വായിച്ചു.

നാടിനെ പുനര്‍നിര്‍മിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായി പട്ടം സെന്റ് മേരീസ് സ്‌കൂള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് മൂന്നു ലക്ഷം രൂപ. 214 ഓളം ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഓണത്തിനു പൂക്കളമിടാനും സദ്യയടക്കമുള്ള ആഘോഷങ്ങള്‍ നടത്താനുമായി സ്വരൂപിച്ച രണ്ടേകാല്‍ ലക്ഷം രൂപയോടൊപ്പം എഴുപത്തിഅയ്യായിരം രൂപ കൂടി ശേഖരിച്ചാണ് മൂന്നു ലക്ഷം രൂപ പ്രിന്‍സിപ്പല്‍ ഫാ. സി.സി. ജോണിന്റെ നേതൃത്വത്തില്‍ ഇന്നലെ ദേവസ്വം-സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയത്. നിറഞ്ഞ കൈയടികള്‍ക്കു നടുവില്‍ മന്ത്രി തുക ഏറ്റുവാങ്ങി. വിദ്യാര്‍ഥികള്‍ കാട്ടുന്ന സഹായമനോഭാവം നാടിനു മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ലളിതകുമാരി, ഹെഡ്മാസ്റ്റര്‍ എബി എബ്രഹാം, പി.റ്റി.എ. പ്രസിഡന്റ് എ. ജയകുമാര്‍, സ്റ്റാഫ് സെക്രട്ടറി ആശിഷ് വല്‍സലം എന്നിവര്‍ പങ്കെടുത്തു. ദുരിതബാധിതര്‍ക്ക് എത്തിക്കാന്‍ പതിനെട്ടര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ശേഖരിച്ചു നല്‍കിയും സ്‌കൂള്‍ മാതൃകയായിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.
ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഥീന തന്റെ ഒരു വര്‍ഷമായി കുടുക്കയില്‍ സൂക്ഷിക്കുന്ന പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കുടുക്ക പൊട്ടിച്ചപ്പോള്‍ 1520 രൂപ. മറ്റൊന്നും ആലോചിക്കാതെ അത് കൈമാറാനായി ടീച്ചറിനടുത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ പണമായി അത് സ്വീകരിക്കാമെന്ന് ടീച്ചര്‍ ഉറപ്പുകൊടുത്തു. സ്‌കൂളില്‍ സംഘടിപ്പിച്ച ആര്‍ഭാടങ്ങളില്ലാത്ത ചടങ്ങില്‍ സ്‌കൂളും അധ്യാപകരും കൂട്ടുകാരും സാക്ഷിയായി അവള്‍ സന്തോഷപൂര്‍വം അത് കൈമാറി. അങ്ങനെ കൊച്ച് അഥീനയുടെ ഒരു വര്‍ഷത്തെ മുഴുവന്‍ സമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിച്ചുകൊണ്ട് സ്‌കൂളിന്റെ ധനസമാഹരണ പരിപാടിക്ക് തുടക്കമായി. ഇ.എം.പ്രസേനകുമാര്‍, ജിജി ദമ്പതിമാരുടെ മകളായ ഒമ്പതാംക്ലാസുകാരി അഥീന വീട്ടുകാരോട് പോലും ചോദിക്കാതെയാണ് തന്റെ തീരുമാനം എടുത്തത്. ‘എന്റെ പ്രായത്തിലുള്ള ഒട്ടേറെപ്പേര്‍ ദുരിതത്തിലാണ്. അവരെ എന്നാലാവുന്നവിധം സഹായിക്കാനാണ് ഇത്’ അഥീന ഇതുപറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് നിറഞ്ഞ കൈയ്യടി. ഒരുകുട്ടിയുടെ സമ്പാദ്യം എന്നാല്‍ അവളുടെ സ്വപ്നങ്ങള്‍ ചേര്‍ത്ത് വച്ചതാണിത്. അത് മുഴുവന്‍ സ്വമനസ്സാലെ നല്‍കിയത് യഥാര്‍ഥത്തില്‍ നിധിയായി ഞങ്ങള്‍ കണക്കാക്കുന്നതായി പണം സ്വീകരിച്ചുകൊണ്ട് ഡി.ഇ.ഓ കെ.എസ്.ബീനാറാണി പറഞ്ഞു. സ്‌കൂളിന്റെ എന്‍.സി.സി.ഓഫീസര്‍ എസ്.ഷോലയുടെ നേതൃത്വത്തില്‍ സമാഹരിച്ച 10,000 രൂപയും ടീച്ചര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റുവാങ്ങി. ചടങ്ങില്‍ സ്‌കൂള്‍ സുപ്രണ്ട് ടി.ആര്‍.രജി, സ്റ്റാഫ് സെക്രട്ടറി സ്റ്റാലിന്‍, സ്‌കൂള്‍ ലീഡര്‍ ആര്‍.ശ്രീരഞ്ജിനി, ജെ.കവിരാജ്, സി.സുപ്രിയ തുടങ്ങിയവരും സന്നിഹിതരായി. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ഇന്നലെ ജില്ലയിലെ സ്‌കൂളുകളിലെ ധനശേഖരണ പരിപാടികള്‍ക്ക് തുടക്കമായി. എല്ലാ സ്‌കൂള്‍ അസംബ്ലിയിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന വായിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കുന്നതിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം തിരുവല്ല ഗവ.മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കുട്ടികളുടെ മുമ്പില്‍ അവതരിപ്പിച്ചു. ഭാവികേരളത്തിന്റെ വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികള്‍. അതുകൊണ്ടാണ് നാടിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ കുട്ടികളുടേയും പങ്കാളിത്തം സര്‍ക്കാര്‍ ആലോചിച്ചതെന്ന് മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു. കാലവര്‍ഷക്കെടുതിയെ അതിജീവിക്കാനുള്ള മാതൃകാപരമായ ഇടപെടലുകള്‍ ഇതിനകം തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍, ശുചീകരണം, വിദ്യാഭ്യാസസാമഗ്രികള്‍ നഷ്ടപ്പെട്ടവരെ സഹായിക്കല്‍, ചെറു സമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കല്‍ എന്നിങ്ങനെ തങ്ങളാലാവുന്ന സഹായങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് കൂടി ഇതിന്റെ ഭാഗമാകാനുള്ള അവസരമാണ് ഇതെന്ന് മുഖ്യമന്ത്രി സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ യു. ഷാജഹാന്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പ്രത്യേകം ക്രമീകരിച്ച പെട്ടിയില്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രളയ ദുരന്തത്തിന്റെ പാഠം ഉള്‍ക്കൊള്ളുന്ന ഗാനം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയവിദ്യാലയം, നവോദയ സ്‌കൂളുകളും എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നാടിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും.
പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ധനസമാഹരണം ഇന്നും (സെപ്റ്റംബര്‍ 12) തുടരും. ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ നാളെ വൈകുന്നേരത്തിനകം സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകളും ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ചയോടെ ശേഖരിച്ച തുക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള എസ്.ബി.ഐ.യുടെ സംവിധാനം വഴി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. വിശദാംശങ്ങള്‍ www.education.kerala.gov.in ല്‍ ലഭ്യമാണ്.