കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ അമ്പലവയലില്‍ ആരംഭിക്കുന്ന കാര്‍ഷിക കോളജില്‍ പ്രവേശനം തുടങ്ങി. പ്രഥമ വര്‍ഷം ബി.എസ്സി അഗ്രികള്‍ച്ചര്‍ ഓണേഴ്സ് കോഴ്സിലാണ് പ്രവേശനം. ഇതിനകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 39 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി ഫീസ് അടച്ചതായി കോളജ് സ്പെഷ്യല്‍ ഓഫിസറുമായ അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. അമ്പലവയല്‍ കാര്‍ഷിക കോളജില്‍ ബി.എസ്സി അഗ്രികള്‍ച്ചര്‍ ഓണേഴ്സ് കോഴ്സില്‍ 51 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഐ.സി.എ.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്) സംവരണ സീറ്റുകളാണ് ഇതില്‍ ഒമ്പത് എണ്ണം.
അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിലവിലുള്ള സൗകര്യങ്ങളാണ് കോളജിനായി തല്‍ക്കാലം ഉപയോഗപ്പെടുത്തുന്നത്. ഗവേഷണ കേന്ദ്രത്തില്‍ അടുത്തകാലത്ത് അഡ്വാന്‍സ്ഡ് റിസര്‍ച്ച സെന്ററിനായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് ക്ലാസ് മുറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. കോളജിന് പ്രത്യേകമായി കെട്ടിടം, അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍, ഹോസ്റ്റല്‍ തുടങ്ങിയവ പിന്നീട് നിര്‍മ്മിക്കും. കോളജിലേക്കു ആവശ്യമായ അദ്ധ്യാപകരുടേതടക്കം നിയമനത്തിനു സര്‍വകലാശാല തലത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കോളജില്‍ പ്രഥമ ബാച്ചിന്റെ ക്ലാസ് അടുത്ത മാസം തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്നു സ്പെഷ്യല്‍ ഓഫിസര്‍ പറഞ്ഞു.