ജില്ലയിൽ വിഷു-റംസാൻ- ഈസ്റ്റർ കൈത്തറി മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കൗൺസിലർ എസ്.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. ടൗൺഹാളിനു സമീപം കോംട്രസ്റ്റ് കോമ്പൗണ്ടിൽ ഏപ്രിൽ 14 വരെയാണ് മേള നടക്കുന്നത്. കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള കൈത്തറി സംഘങ്ങൾ തയ്യാറാക്കിയ വൈവിധ്യവും പുതുമയാർന്നതുമായ കോട്ടൺ ബെഡ്ഷീറ്റുകൾ, സാരികൾ, ദോത്തികൾ, തുടങ്ങിയവയെല്ലാം 20 ശതമാനം ഗവ. റിബേറ്റോടെ മേളയിൽ ലഭിക്കും. ദിവസവും രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.
കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെയും കൈത്തറി വസ്ത്ര ഉപയോഗത്തിന്റെയും വർധനവിനും പ്രോത്സാഹനത്തിനും വേണ്ടി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് കൈത്തറി വികസനസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കൈത്തറി മേള സംഘടിപ്പിക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സലീന കെ, സംസ്ഥാന കൈത്തറി അസോസിയേഷൻ സെക്രട്ടറി എ.വി ബാബു, ജില്ലാ കൈത്തറി സംഘം പ്രസിഡന്റ് ടി.ബാലൻ, കൈത്തറി വികസന സമിതി അംഗം വി.എം ചന്തുക്കുട്ടി, ഡെപ്യൂട്ടി രജിസ്ട്രാർ ഇൻചാർജ് എ സരിത എന്നിവർ സംസാരിച്ചു.