ഫറോക്ക് പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 55 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. സേതുബന്ധൻ പദ്ധയിൽ ഉൾപ്പെടുത്തി സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സിഐആര്എഫ്) മുഖേന സംസ്ഥാനത്ത് ഏഴ് പാലങ്ങൾക്കായി 167 കോടി രൂപയാണ് അനുവദിച്ചത്.

ചാലിയാറിന് കുറുകെ പഴയ പാലത്തിന് സമാന്തരമായി നിലവിലെ പാലത്തിന്റെ കിഴക്കുഭാഗത്തായി ആധുനിക രീതിയിൽ എക്സ്ട്രാ ഡോസ് കേബിൾ രീതിയിലുള്ള പാലമാണ് നിർമ്മിക്കുക. പുഴയിലെ നീരൊഴുക്കിനും ജലഗതാഗതത്തിനും തടസ്സമില്ലാതെ മൂന്നു സ്പാനോടുകൂടി 280 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുക. 15 മീറ്റർ വീതിയുള്ള പാലത്തിന് ഇരുഭാഗത്തും 150 മീറ്റർ അപ്പ്രോച്ച് റോഡും ഇതിന്റെ ഭാഗമായി നിർമ്മിക്കും. പാലത്തിൽ ഇരു ഭാഗത്തും കേബിൾ ഡെറ്റോടു കൂടിയ നടപ്പാതയും നിർമ്മിക്കും. പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിനാണ് നിർമ്മാണ ചുമതല. 18 മാസമാണ് നിർമ്മാണ കാലാവധി.

നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം പ്രവൃത്തി ആരംഭിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചതാണ് നിലവിലുള്ള പാലം. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള പാലം ഈയിടെ നവീകരിച്ചിരുന്നു. ടൂറിസം പ്രാധാന്യം കൂടി കണക്കിലെടുത്താണ് പഴയ പാലം നിലനിർത്തുന്നത്. സമാന്തര പാലം വരുന്നതോടെ നിലവിലുള്ള പാലത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.