മൂന്നാഴ്ചക്കുള്ളിൽ കളക്ടർമാർ സർക്കാരിന് റിപ്പോർട്ട് നൽകണം
പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും വാസയോഗ്യമായ ഭൂമി കണ്ടെത്തി വീടുകൾ, ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നതിനും നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
വാസയോഗ്യമല്ലാത്തതും പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്തതുമായ ഭൂമി ഏതാണെന്ന് കണ്ടെത്തി പകരം പ്രളയ ദുരന്തബാധിതർക്ക് വാസയോഗ്യമായതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ഭൂമി നൽകി അതിൽ വീടുകൾവെച്ച് താമസിപ്പിക്കുകയോ ഭൂമിയുടെ ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ ഫ്‌ളാറ്റുകൾ നിർമിച്ച് അതിൽ താമസിപ്പിക്കുകയോ ചെയ്യണം.
എല്ലാ കളക്ടർമാരും ജില്ലകളിൽ ഇതുപോലെ എത്ര കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നത് കണ്ടെത്തി അവർക്ക് പുനരധിവാസം സാധ്യമാക്കുന്നതിന് വാസയോഗ്യമായതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ഭൂമി കണ്ടെത്തി മൂന്നാഴ്ചക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.
സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ മറ്റ് വകുപ്പുകളുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയോ സന്നദ്ധ സംഘടനകളോ, വ്യക്തികളോ, സ്ഥാപനങ്ങളോ സംഭാവന ചെയ്യുന്ന ഭൂമി ഇതിനായി ഉപയോഗിക്കാം. ഭൂമി ലഭ്യമായിടത്ത് ഓരോ കുടുംബത്തിനും മൂന്നു മുതൽ അഞ്ച് സെൻറ് വരെ ഭൂമി നൽകി അതിൽ വീടുകൾ നിർമിക്കണം. ഭൂമി ലഭ്യത കുറവുള്ളിടത്ത് ഫ്ളാറ്റുകൾ നിർമിച്ചും പുനരധിവാസത്തിന് ഊന്നൽ നൽകണം.
ലാൻറ് റവന്യൂ കമ്മീഷണർ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ക്രോഡീകരിച്ച റിപ്പോർട്ട് സർക്കാരിന് നൽകണമെന്ന് ഉത്തരവിൽ പറയുന്നു.