ഉരമരുന്നുകൾ, നവധാന്യങ്ങൾ, ചതുർജാതം, അരിയാറ് എന്നിങ്ങനെ ജീവിത ശൈലി രോഗങ്ങൾക്ക് നിത്യേന ആയുർവേദ ഔഷധ കൂട്ടുകളിൽ ഉപയോഗിക്കുന്ന മരുന്നുകളാണ് ഭാരതീയ ചികിത്സാവകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയിൽ സജ്ജീകരിച്ചിട്ടുള്ള ആയുർവേദ വകുപ്പിൻ്റെ അങ്ങാടിപ്പെട്ടിയിലുള്ളത്.
കടുക്ക, നെല്ലിക്ക, താന്നിക്ക, ചുക്ക്, മുളക്, തിപ്പലി വേര്, കാട്ടു മുളക്, കൊടുവേലി, ചതുർ ജാതം, വിവിധ നവധാന്യങ്ങൾ എന്നിങ്ങനെ ചികിത്സക്കു പയോഗിക്കുന്ന വിവിധ മരുന്നുകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക കൂടിയാണ് ഇവിടം. ആയുർവേദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തിനേത്രം , ജലൂക , കിഴി , ക്ഷാരസൂത്രം, ഖല്‍വ യന്ത്രം , ഗോകർണം തുടങ്ങിയവയും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .
നല്ലശീലങ്ങൾക്കായുള്ള പച്ചമരത്തണലിലെ സെൽഫി കോർണർ സ്റ്റാളിന്റെ പ്രത്യേകതയാണ് .ശാസ്ത്രമനുശാസിക്കുന്ന വാത പിത്ത കഫ പ്രകൃതികൾ നിർണ്ണയിച്ചു നൽകുന്നതിനുള്ള സംവിധാനവും പ്രകൃതി മനസിലാക്കുക വഴി ശീലിക്കുകയും ഒഴിവാക്കുകയും ചെയ്യേണ്ടതായ ആഹാരവിഹാരങ്ങളെക്കുറിച്ചുള്ള നിർദേശങ്ങളടങ്ങിയ ചെറുവിവരണവും സ്റ്റാളിൽ ലഭ്യമാണ് .
ഇവിടെ പ്രദർശിപ്പി ച്ചിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ആരോഗ്യ പാചകക്കുറിപ്പുകൾ ഡൌൺലോഡ് ചെയ്യാം. വയനാട് ജില്ലയിലെ വിവിധ ആയുർവേദ സ്ഥാപനങ്ങളും അവയിൽ ലഭ്യമായ ചികിത്സ സൗകര്യങ്ങൾ അടങ്ങുന്ന ലഘു ലേഖയും പൊതുജനങ്ങൾക്ക് നൽകും. സന്ദർശകർക്ക് ആയി ഔഷധ ദ്രവ്യങ്ങൾ അടങ്ങിയ പാനകവും നൽകുന്നുണ്ട്.ലഘു വ്യായാമങ്ങളുടെ പരിശീലനം, ആയുർവേദ ശാസ്ത്രത്തെ പുതുതലമുറയ്ക്ക് പരിചയപെടുത്തുന്നതിന്റെ ഭാഗമായുളള ക്വിസ് മത്സരവും നടക്കുന്നു.