കുടുംബശ്രീ സ്ത്രീകളുടെ സാമൂഹ്യ പ്രതിബദ്ധതയും അഭിമാന ബോധവും വളർത്തിയെന്ന് കുടുംബശ്രീ ഗവേണിംഗ് അംഗം കെ.കെ ലതിക . ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ കുടുംബ ശ്രീ മിഷൻ സംഘടിപ്പിച്ച രജത ജൂബിലി നിറവിൽ കുടുംബശ്രീ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീയിലൂടെ കുടുംബത്തിലേക്ക് , കുടുംബത്തിലൂടെ സമൂഹത്തിലേക്ക് എന്ന തലത്തിൽ പ്രവർത്തനം തുടങ്ങിയ കുടുംബശ്രീയ്ക്ക് വരുമാനമില്ലാതിരുന്ന സ്ത്രീകളെയും തൊഴിലെടുക്കുന്ന, സാമ്പത്തിക സ്വയം പര്യാപ്തത നേടിയ സ്ത്രീകൾ എന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിച്ചു. സോപ്പ് നിർമ്മാണം, ഉണ്ണിയപ്പം, അച്ചാർ നിർമ്മാണം തുടങ്ങിയ പരമ്പാരാഗത ചെറുകിട സംരംഭങ്ങളിൽ നിന്ന് വിവര വിനിമയ സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി വൻകിട സംരംഭങ്ങളിലേക്കും ചുവട് വയ്ക്കാൻ കുടുംബശ്രീയിലൂടെ പിന്നിട്ട 25 വർഷത്തെ പ്രവർത്തനങ്ങൾക്ക് സാധിച്ചത് അഭിമാനാർഹമാണെന്നും അവർ പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടന്ന സെമിനാർ വിഷയ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.മേളയിലെ മൂന്നാമത്തെ സെമിനാറാണ് ബുധനാഴ്ച്ച നടന്നത്.സ്ത്രീകളുടെ സാമ്പത്തിക ഭദ്രത വളർത്തിയെടുത്തത് വഴി സ്ത്രീ സമത്വം, തുല്യത എന്നിവ സമൂഹത്തിലെത്തിക്കാൻ കുടുംബശ്രീ എന്ന ജനകീയ പ്രസ്ഥാനത്തിന് ഇക്കാലം കൊണ്ട് കഴിഞ്ഞിതായി സെമിനാർ വിലയിരുത്തി.ദാരിദ്ര്യ നിർമാർജനം , സ്ത്രീ ശാക്തീകരണം എന്ന പ്രഖ്യാപിത ലക്ഷ്യങ്ങളെ മുൻ നിർത്തിയാണ് കുടുംബശ്രീ പ്രസ്ഥാനം മുന്നേറുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ദാരിദ്ര്യ നിർമാർജനത്തിന് പുതിയ നിർവചനം നൽകിയതും കുടുംബശ്രീയാണ്. കേവലം പട്ടിണി മാത്രമല്ല ദാരിദ്ര്യം. അവസരങ്ങളുടെ , അവകാശങ്ങളുടെ, അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധം എന്നതായിരുന്നു കുടുംബശ്രീ കേരളീയ സമൂഹത്തിന് നൽകിയ വിശാലമായ നിർവചനം. ദാരിദ്ര്യ നിർമാർജന പ്രക്രിയയിൽ സ്തീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഒരു പരിധി വരെ കുടുംബശ്രീയ്ക്ക് സാധിച്ചതായി സെമിനാർ വിലയിരുത്തി.
സാമൂഹിക- സാമ്പത്തിക – ലിംഗനീതി തുല്യ ശാക്തീകരണവും ലക്ഷ്യമിട്ട് പ്രവർത്തിക്കാനും കുടുംബശ്രീയ്ക്ക് സാധിച്ചിട്ടുണ്ട്.
വീട്ടകങ്ങളിൽ ഒതുങ്ങി കൂടിയ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കുടുംബശ്രീ വഹിച്ച പങ്ക് നിസ്തുലമാണ്.
രാഷ്ട്രീയ മേഖലയിലടക്കമുള്ള വിവിധ മേഖലയിലേക്ക് സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു. സ്ത്രീകളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ച് സംരംഭക മേഖലയിലേക്കും കൂടുതൽ പേരെ കൊണ്ടു വരുവാനും കുടുംബശ്രീക്ക് കഴിയണമെന്നും സെമിനാർ നിർദ്ദേശിച്ചു.
സെമിനാറിൽ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനവും നടന്നു.സാമൂഹ്യ, സാമ്പത്തിക, സ്ത്രീശാക്തീകരണ രംഗത്ത് ഇരുപത്തിയഞ്ച് സംവത്സരങ്ങൾ പിന്നിടുന്ന കുടുംബശ്രീയുടെ മുന്നേറ്റം സൂചിപ്പിക്കുന്നതാണ് ഡോക്യുമെന്ററി .ജില്ലയിലെ കുടുംബശ്രീയുടെ ചരിത്രം, കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചെറുകിട സൂക്ഷമ ചെറുകിട സംരംഭങ്ങൾ, ജനകീയ ഹോട്ടൽ, ഹരിത കമ്മസേന പ്രവർത്തനങ്ങൾ, സാന്ത്വന യൂണിറ്റുകൾ, അക്കാദമിക്, ഭക്ഷ്യോൽപാദന സംരഭങ്ങൾ തുടങ്ങി സ്ത്രീമുന്നേറ്റത്തിന്റെ വിവിധ തലങ്ങൾ ഡോക്യുമെന്ററിയിലുടെ അവതരിപ്പിച്ചു.
സെമിനാറിൽ കുടുംബശ്രീ വയനാട് ജില്ലാ മിഷൻ കോർഡിനേറ്റർ പി. കെ. ബാലസുബ്രമണ്യൻ അധ്യക്ഷനായി. കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.എം.സുർജിത് വിഷയാവതരണം നടത്തി. അസിസ്റ്റൻറ് ജില്ലാ മിഷൻ കോഡിനേറ്റർ പി. എം സലീന, കൽപ്പറ്റ നഗരസഭ സി.ഡി.എസ് ചെയർ പേഴ്സൺ എം.വി. ദീപ, കുടുംബശ്രീ ഡി.പി.എം. പി.കെ.സുഹൈൽ തുടങ്ങിയവർ സംസാരിച്ചു