മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം വ്യക്തികളുടെ ആരോഗ്യ സംരക്ഷണവും സർക്കാർ ലക്ഷ്യമാണെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് . കരിവെള്ളൂർ സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിക്കൊണ്ട് നവീകരിച്ച ഒ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
2022-23 വർഷം ആരംഭിച്ച ആശീർവാദ് ശൈലീ ആപ്പ് വഴി 1.15 കോടി ആളുകളെ സ്ക്രീൻ ചെയ്തു. വലിയ മാറ്റമാണിതിലൂടെ പ്രതീക്ഷിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതോടെ പൊതുജനാരോഗ്യരംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നടത്തുന്നതും കേരളത്തിലാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം 1638 കോടി രൂപയാണ് ചികിത്സക്കായി സംസ്ഥാന സർക്കാർ വിനിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു.
നവകേരള മിഷൻ്റെ ഭാഗമായാണ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ കരിവെള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. ഇതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും 37.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഒ പി ബ്ലോക്ക്
നവീകരിച്ചത്. മൂന്ന് ഒ പി കാബിനുകൾ, ദന്തൽ യൂണിറ്റ്, നിരീക്ഷണ മുറി, നഴ്സസ് സ്റ്റേഷൻ, ഡ്രസ്സിങ് റൂം, കാത്തിരിപ്പ് കേന്ദ്രം, കുടിവെള്ള സൗകര്യം, ടെലിവിഷൻ എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്. എച്ച് എൽഎൽ ആണ് നിർമാണ ചുമതല വഹിച്ചത്.
24 മണിക്കൂർ അത്യാഹിത വിഭാഗം, ജീവിതശൈലീ രോഗ നിർണയ ക്ലിനിക്ക്, പാലിയേറ്റീവ് ക്ലിനിക്ക്, വയോജന ക്ലിനിക്ക്, കാഴ്ച പരിശോധന, രോഗ പ്രതിരോധ കുത്തിവെപ്പ്, ഫാർമസി, ലബോറട്ടറി തുടങ്ങിയ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭിക്കും.
കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിന് പുറമെ കൊടക്കാട്, പിലിക്കോട്, തൃക്കരിപ്പൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളും ആശ്രയിക്കുന്ന സ്ഥാപനമാണ് കരിവെള്ളൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം.
ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഡിഎംഒ ഇൻ ചാർജ് (ആരോഗ്യം) ഡോ. എം പി ജീജ റിപ്പോർട്ട് അവതരിപ്പിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, ജില്ലാ പഞ്ചായത്തംഗം എം രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടൻ, കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു, വൈസ് പ്രസിഡണ്ട് ടി ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി റീന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ ഷീജ, ബ്ലോക്ക് പഞ്ചായത്തംഗം പി പങ്കജാക്ഷി, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, കരിവെള്ളൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ പി ജോസ് എന്നിവർ സംസാരിച്ചു.